മലയാള സിനിമ വൻ ആഘോഷമാക്കിയ മാസ് ഹിറ്റ് ചിത്രമാണ് പുലിമുരുകനെന്നു പറയേണ്ട കാര്യമില്ല. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. 2016ൽ തിയേറ്ററുകളിൽ എത്തിയ പുലിമുരുകൻ ഇന്നും പ്രേക്ഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മോഹൻ ലാൽ ചിത്രം എന്നതിലുപരി മറ്റു ചില പ്രത്യേകതകളും ചിത്രത്തിനുണ്ടായിരുന്നു. ഉദയകൃഷ്ണന് സ്വതന്ത്ര തിരക്കഥാകൃത്താകുകയും വൈശാഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന നിലയിലും ഏറെ വാര്‍ത്താപ്രധാന്യം ചിത്രം നേടിയിരുന്നു.
പുലിമുരകൻ എന്ന ചിത്രം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പിറവിയെ കുറിച്ച് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തുകയാണ്. മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നെങ്കിൽ ചിത്രം പിറക്കില്ല എന്നാണ് സംവിധായകൻ പറയുന്നത്. മാത്യഭൂമി സ്റ്റാൻ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സംവിധായകൻ വെളിപ്പെടുത്തിയത്.
‘തിരക്കഥകൃത്ത് ഉദയേട്ടന്റെ നാട്ടിലെ വീരനായിരുന്നു പുലിമുരുകൻ. ആ കഥയിൽ എനിയ്ക്ക് ഏറെ കൗതുകം തോന്നി. ഈ കഥ താൻ ടോമിച്ചൻ മുളകപാടത്തിനോട് പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ ലാലേട്ടനെ കാണാമെന്ന് പറഞ്ഞു. രണ്ട് മാസം ചിത്രത്തിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച ശേഷം ഞങ്ങൾ ലാലേട്ടനെ സമീപിക്കുകയായിരുന്നു. എന്നാൽ കഥ കേട്ടപ്പോൾ എങ്ങനെ ചിത്രീകരിക്കും എന്നതായിരുന്നു ലാലേട്ടന്റെ സംശയം. എന്റെ കാര്യത്തില്‍ സംശയം വേണ്ട, ഞാന്‍ റെഡി നിങ്ങള്‍ ഓക്കെയാകുന്ന സമയത്ത് നമുക്ക് ഷൂട്ട് തുടങ്ങാം എന്ന് ലാലേട്ടൻ പറഞ്ഞു.അതില്ലായിരുന്നെങ്കില്‍ പുലിമുരുകന് എന്ന സിനിമ സംഭവിക്കില്ലായിരുന്നു. ആക്ഷന്‍ ഏറെ പ്രധാന്യമുളള ചിത്രമായിരുന്നതിനാൽ മികച്ചൊരു ആക്ഷൻ ഡയറക്ടർ ചിത്രത്തിന് വേണമായിരുന്നു. അതിന് വേണ്ടി ആരെ ചുമതലപ്പെടുത്തും എന്നതായി അടുത്ത ചര്‍ച്ച. അങ്ങനെയായിരുന്നു പീറ്റർ ഹെയ്നിനെ സമീപിക്കുന്നത്. പുലിമുരുകന് എന്ന സിനിമ അദ്ദേഹം ചലഞ്ചുപോലെയാണ് ഏറ്റെടുത്തത്.
ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഏറെ പുതുമനിറഞ്ഞതായിരുന്നു. ഉദയേട്ടനാണ് ചിത്രത്തിൽ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലേയ്ക്ക് ജഗപതിബാബുവിനെ കണ്ടെത്തിയത്. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. വലിയ തിരക്കുണ്ടായിട്ടും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റി ചിത്രത്തിലെത്തുകയായിരുന്നു. വില്ലനാകാന്‍ നാലുകോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു 15 ലക്ഷം രൂപയ്ക്കാണ് പുലിമുരുകനില്‍ അഭിനയിച്ചത്.
ചിത്രത്തിൽ ലാലേട്ടന്റെ നായികയായി ആദ്യം അനുശ്രിയെയായിരുന്നു സമീപിച്ചത്. എന്നാൽ ഷൂട്ടിങ്ങടുത്തപ്പോള്‍ അവർ ആശുപത്രിയിലായി. അങ്ങനെയാണ് കമാലിനി മുഖര്‍ജിയിലേക്ക് എത്തുന്നത്. 15 കോടിയോളം ചെലവഴിച്ച സിനിമയ്ക്ക് മുടക്കുമുതല്‍ ലഭിക്കുമോ എന്നായിരുന്നു എന്റെ ടെൻഷൻ. എന്നാൽ ലാഭമൊന്നും വേണ്ട മുടക്കുമുതലും ഒരുരൂപയും ലാഭം കിട്ടിയാല്‍ മതിയെന്ന് നിർമ്മാതാവ് ടോമിച്ചന് പറഞ്ഞിരുന്നു. അത് എനിക്ക് ധൈര്യമായി’- സംവിധായകൻ പറഞ്ഞു.