‘മഹേഷിന്റെ പ്രതികാരം‘ ഉള്‍പ്പടെ ഒരുപിടി നല്ല ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാന്‍ കഴിഞ്ഞ താരമാണ് അപര്‍ണ ബാലമുരളി. മലയാളത്തിന് പുറമേ ഇതര ഭാഷാ ചിത്രങ്ങളിലും അപർണ താരമായി. ഇന്ന് റിലീസ് ചെയ്ത സൂര്യ നായകനായെത്തിയ ‘സൂരറൈ പോട്ര്’ആണ് അപർണയുടെ ഏറ്റവും പുതിയ സിനിമ. ബോംബി എന്നാണ് സിനിമയിൽ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിൽ മൺവാസനൈ, പരുത്തിവീരൻ തുടങ്ങിയ സിനിമകൾ കാണാനാണ് സംവിധായിക കൊങ്കാര നിർദേശിച്ചതെന്ന് അപർണ പറയുകയുണ്ടായി.
“എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരാളാണ് ബോംബി. മധുരയിലെ ഒരു ഗ്രാമീണ പെൺകുട്ടി. പക്ഷേ, അവൾ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്”, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറഞ്ഞു.
“ഷൂട്ടിംഗിന് കുറച്ച് നാൾ മുമ്പാണ് ഞാൻ മധുരയിലെത്തിയത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട സമ്മർദ്ദമില്ലാതെ അവിടെ കുറച്ച് സമയം ചെലവഴിച്ചു. മനോഹരമായ മാർക്കറ്റുകളും ലാൻഡ്സ്കേപ്പുകളും നഗരത്തിലുണ്ട്, അവ പാട്ടുകളിലും കാണാം. അവിടത്തെ നഗരത്തിലെ ആളുകളുമായി സംസാരിക്കാൻ അവസരം ഉണ്ടായി. അവിടെയുള്ള സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ അധികാരമുണ്ട്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം” അപർണ പറയുന്നു. മധുരയിൽ തന്റെ കഥാപാത്രവുമായി സാമ്യമുള്ള ഒരാളെ കണ്ടുമുട്ടിയെന്നും ഷൂട്ടിങ്ങിലും ഡബ്ബിംഗിലും ഉടനീളം അവർ ഉണ്ടായിരുന്നുവെന്നും അപർണ പറയുകയുണ്ടായി.
“നാണക്കാരിയായ പെൺകുട്ടിയായി എന്നെ കാണിക്കാതിരിക്കാൻ സുധ മാം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണയുള്ള, റൊമാന്റിക് രംഗങ്ങളൊന്നും ഇല്ല. പാട്ടുകളിൽ പോലും അതില്ല. വിയോൺ സില്ലി..എന്ന പാട്ട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിൽ ഇതുവരെ ഇത്തരത്തിലൊരു ഗാനരംഗം ചെയ്തിട്ടില്ല. സൂര്യ സാറിനൊപ്പം വളരെയധികം ശക്തിയും തുല്യമായി നൃത്തവും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളിയായിരുന്നു,” അപർണ കൂട്ടിച്ചേർത്തു.