ഇന്ന് നയൻതാര ജന്മദിനം

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ. (ജനനം: നവംബർ 18, 1984) മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെയ്ക്കുപുറമെ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. 2011 ആഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച ഇവർ നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. മികച്ച നടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം ശ്രീരാമരാജ്യം എന്ന ചിത്രത്തിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!