തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു. ഈ ചിത്രവും വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.
തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു.
1980 നവമ്പർ 20നു ആണ് ശാലിനി ജനിച്ചത്. അച്ഛൻ കൊല്ലം കാരൻ ഷറഫ് ബാബു. അമ്മ ആലിസ്.. ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് ചെന്നൈയിലാണ്. ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ശാലിനി ജനിച്ചത്. ചെന്നൈ ആദർശ് വിദ്യാലയ, ചർച്ച്പാർക്ക് കോൺ വെന്റ് എന്നിവിടങ്ങളിൽ പഠിച്ചു. ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു.