ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 – സെപ്റ്റംബർ 23 1996) ., ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.
വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ൿ സിൽക്ക് എന്ന പേരു ഉറച്ചു.
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല. മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു. സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട സിൽക്ക് കവിതകളുടെ സമാഹാരമാണു വിശുദ്ധസ്മിതയ്ക്ക്.