രണ്ട് തവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കൊങ്കണ സെൻ ശർമ്മ (ജനനം: ഡിസംബർ 3, 1979). ചലച്ചിത്രസംവിധായകയായ അപർണ്ണ സെന്നിന്റെ മകളാണ് കൊങ്കണ. കൊങ്കണ പ്രധാനമായും സമാന്തര ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.
ഒരു പത്രപ്രവർത്തകനായ മുകുൽ ശർമ്മയുടേയും ചലച്ചിത്രസംവിധായകയായ അപർണ്ണ സെന്നിന്റേയും മകളാണ് കൊങ്കണ. 2001 ൽ തന്റെ വിദ്യാഭ്യാസം സെന്റ് സ്റ്റീഫൻസ് കോളേജ് ഡെൽഹിയിൽ നിന്നും പൂർത്തീകരിച്ചു. സ്കൂൾ വിദ്യാഭ്യാസം നേടിയത് കൊൽക്കത്തയിലെ മോഡേൺ സ്കൂളിൽ നിന്നായിരുന്നു.
കൊങ്കണ ചലച്ചിത്രനടനായ രൺവീർ ഷോരെയുമായി പ്രണയത്തിലാണ്. ജൂലൈ 2008ൽ മാതാവായ അപർണ്ണ സെൻ ഈ ബന്ധം മാധ്യമങ്ങൾക്ക് മുമ്പിൽ സമ്മതിച്ചു.
ആദ്യ ചിത്രം ഒരു ബാലതാരമായി 1983 ൽ ഇന്ദിര എന്ന ചിത്രമായിരുന്നു. പിന്നീട് 2000 ൽ ബംഗാളി ചിത്രമായ എക് ജെ ആച്ചേ കന്യ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയമായ ചിത്രം ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ്സ് അയ്യർ എന്ന ചിത്രമാണ്. ഇത് സംവിധാനം ചെയ്തത് തന്റെ മാതാവായ അപർണ്ണ സെൻ ആണ്. ഇതിലെ അഭിനയത്തിന് ദേശീയപുരസ്കാരവും ലഭിച്ചു. ഹിന്ദി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ ചിത്രം പേജ് 3 എന്ന എന്നതാണ്. ഇതിനു ശേഷം 2006 ലെ ഓം കാര എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായി. 2007 ലെ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രത്തിലെ അഭിനയവും അഭിനന്ദനങ്ങൾ പിടിച്ചു പറ്റി. ഇതിലെ അഭിനയത്തിന് രണ്ടാമതും ദേശീയപുരസ്കാരം ലഭിച്ചു.
2007 ലെ തന്നെ ചിത്രമായ ട്രാഫിക് സിഗ്നൽ ഒരു പരാജയമായിരുന്നു. 2007 ൽ തന്നെ വൻ ചലച്ചിത്രനിർമ്മാണ കമ്പനിയായ യാശ് രാജ് ഫിലിംസിന്റെ കീഴിൽ നിർമ്മിച്ച ലാഗ് ചുനരി മെം ദാഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ കൊങ്കണയുടെ ഒപ്പം അഭിനയിച്ചത് റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവരായിരുന്നു. മാധുരി ദീക്ഷിത് തിരിച്ചു വരവ് നടത്തിയ ചിത്രമായ ആജ നച്ലേ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു.
2005 ൽ റെഡിഫ്.കോം നടത്തിയ ഒരു സർവേയിൽ ബോളിവുഡിലെ മികച്ച നടികളിൽ 11 ആം സ്ഥാനത്തായിരുന്നു കൊങ്കണ. ഈ സർവേയിൽ തന്നെ കൊങ്കണ 2006 ൽ ഒൻപതാം സ്ഥാനത്ത് എത്തി. പ്രസിദ്ധ ടെലിവിഷൻ അഭിമുഖ പരമ്പരയായ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ രാഹുൽ ബോസിന്റെ ഒപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.