കുനാല്‍ കമ്രയെ വിലക്കിയ വിമാനക്കമ്പനികളെ വിലക്കി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ താനും യാത്ര ചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാന യാത്രക്കിടെ ചോദ്യം ചെയ്തതിനാണ് കുനാല്‍ കമ്രക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുനാല്‍ കമ്രയെ പിന്തുണച്ച് നാല് വിമാനക്കമ്പനികളെയാണ് അനുരാഗ് കശ്യപ് ഒഴിവാക്കിയത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളായിരുന്നു കുനാല്‍ കമ്രക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകുന്നതിന് പകരം വിസ്താരയിലാണ് അനുരാഗ് കശ്യപ് യാത്ര ചെയ്തത്.

‘കുനാല്‍ കമ്രയെ എയര്‍ ഇന്ത്യയില്‍ കയറാന്‍ അനുവദിക്കില്ലെന്നും മറ്റ് എയര്‍ലൈനുകളും ഇതേ നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. മന്ത്രിയുടെ ആജ്ഞ അനുസരിച്ച വിമാനക്കമ്പനികള്‍ സര്‍ക്കാരിന് പാദസേവ ചെയ്യുകയാണ്. കൃത്യമായ അന്വേഷണമോ ഔദ്യോഗിക അറിയിപ്പോ കൂടാതെയാണ് അവര്‍ അദ്ദേഹത്തെ വിലക്കിയത്. പൈലറ്റുമാരോട് പോലും സംസാരിച്ചിട്ടില്ല’. സര്‍ക്കാര്‍ വിമാനക്കമ്പനികളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന പരാതിയിലാണ് ഇന്‍ഡിഗോ ആറു മാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യയും അനിശ്ചിത കാലത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. വിലക്കിനെ പിന്തുണച്ച വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, മറ്റു വിമാനക്കമ്പനികളും കമ്രയെ വിലക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!