‘അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രഫഷന്‍ ഉപയോഗിച്ചു’, നടി മീര വാസുദേവ് വെളിപ്പെടുത്തുന്നു

തന്മാത്രയിലെ അഭിനയത്തിലൂടെയാണ് നടി മീര വാസുദേവ് സിനിമയിലേക്ക് എത്തിയത്. ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ മീര തന്റെ കഴിവ് തെളിയിച്ചു. ഇടക്കാലത്ത് സിനിമാ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് പോയ നടി ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്.

പുതിയതായി ആരംഭിക്കുന്ന ഒരു സീരിയലില്‍ നായികയായിട്ടാണ് മീരയുടെ തിരിച്ച് വരവ്. ഇതിനിടെ തന്റെ രണ്ട് വിവാഹബന്ധങ്ങളില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിന് പിന്നിലെ കാരണങ്ങളും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷ ആയിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്‌സ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ട് പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ ബോക്‌സോഫീസ് പരാജയമായിരുന്നു.

മികച്ച സംവിധായകര്‍ പലരും പിന്നീട് പറഞ്ഞു എന്ന് അറിഞ്ഞു. എന്നെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞതേയില്ല. ഇപ്പോഴെനിക്ക് ഒരു നല്ല സുഹൃത്തുണ്ട്. സുപ്രിയ, അവരാണ് കരിയറിന്റെ ഭൂരിഭാഗം കാര്യങ്ങളും തീരുമാനിക്കുന്നത്. സുഹൃത്തിനേക്കാള്‍ ഉപരി സഹോദരിയാണ്.

ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ്. പക്ഷേ, ഒന്ന് മാത്രം പറയാം. എപ്പോഴും വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു ആദ്യ വിവാഹം. ഭര്‍ത്താവില്‍ നിന്നും ഉണ്ടായ മാനസിക ശാരീരിക ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ട് പോലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012 ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ട് പേരെയും വേണം.

2014 ലാണ് എനിക്ക് കുഞ്ഞുണ്ടാകുന്നത്. പ്രഗ്നന്റ് ആയ സമയം മുതല്‍ എന്റെ ഭാരം കൂടാന്‍ തുടങ്ങി. മോനെ പ്രസവിച്ച ശേഷം തൊണ്ണൂറ്റിയഞ്ച് കിലോയായിരുന്നു ഭാരം. ഇനിയൊരിക്കലും പഴയപടിയാകാന്‍ കഴിയില്ലെന്ന് വരെ ഞാന്‍ പേടിച്ചു. പക്ഷേ മനസില്‍ വാശിയായിരുന്നു. അങ്ങനെയാണ് ജിമ്മില്‍ ചേര്‍ന്നത്. കഠിന വ്യായമം, കൃത്യമായ ഡയറ്റ്. ഇത്രയും കൊല്ലംകൊണ്ട് ഞാന്‍ 35 കിലോയോളം കുറച്ചു. ഇപ്പോഴും ജീവിതത്തിന്റെ നല്ലൊരു ഭാഗം ആരോഗ്യത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. വ്യായമം ചെയ്യുമ്പോള്‍ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്.

നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് ഭാവി പരിപാടിയിലുള്ളത്. ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. ഹിന്ദിയില്‍ ഇപ്പോഴും ഞാന്‍ ഓഡീഷനുകളില്‍ പങ്കെടുക്കാറുണ്ട്. മികച്ച ആക്ടിങ് അനുഭവമാണ് ഓരോ ഓഡീഷനും. എനിക്ക് ചില വേഷങ്ങള്‍ മാത്രമേ ചേരൂ എന്നൊന്നും കരുതിന്നില്ല. 22 വയസില്‍ പതിനെട്ട് വയസുകാരന്റെ അമ്മയാകാമെങ്കില്‍ ഏത് വേഷവും ചെയ്യാന്‍ കഴിയുമെന്നാണ് മീര പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!