ഒരു ഇന്ത്യൻ അഭിനേതാവാണ് രജനികാന്ത് . (ജനനം: 1950 ഡിസംബർ 12). യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്.പ്രധാനമായും തമിഴ് ചലചിത്രങ്ങളിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന് 2000-ലെ പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
കർണ്ണാടക-തമിഴ്നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.
ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.
ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.
1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി.
ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയിൽ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
1980-കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.
നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദർ സ്വയം നിർമിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജനിയുടെ വളർച്ചക്ക് കരുത്തായത്.
ഖുദ്-ദാർ, നമക് ഹലാൽ, ലവാരീസ്, ത്രിശൂൽ, കസ്മേ വാദേ തുടങ്ങിയ ബച്ചൻ ചിത്രങ്ങൾ പഠിക്കാത്തവൻ, വേലൈക്കാരൻ, പണക്കാരൻ, മിസ്റ്റർ ഭരത്, ധർമത്തിൻ തലൈവൻ തുടങ്ങിയ പേരുകളിൽ തമിഴിൽ പുറത്തിറങ്ങി.
രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. 1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജനി. 2007-ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.
എങ്കിലും രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നു വീണപ്പോളും വിതരണക്കാർക്കും തീയേറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങൾക്കു മാതൃകയായി.
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.
പുരസ്കാരങ്ങൾ
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് (1984)
തമിഴ്നാട് സർക്കാരിന്റെ എം.ജി.ആർ അവാർഡ് (1989)
നടിഗർ സംഘത്തിന്റെ കലൈചെൽവം അവാർഡ് (1995)
ഇന്ത്യൻ സർക്കാരിന്റെ പത്മഭൂഷൺ അവാർഡ് (2000)
മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ അവാർഡ് (2007)
ഇന്ത്യൻ സർക്കാരിന്റെ പത്മവിഭൂഷൺ അവാർഡ് (2016)
1995ൽ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്ന് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചു.രജനിയുടെ പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിന് 130 സീറ്റ്വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു. 1996ൽ കോൺഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാൻ തീരുമാനിച്ചപ്പോൾ രജനി ഡി.എം.കെ-ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സൈക്കിൾ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പാർട്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്ന് രജനി പ്രഖ്യാപിച്ചു. 1998ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും രജനി ഡി.എം.കെ-ടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഐ.ഐ.എ.ഡി.എം.കെ-ബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. 2002ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ കണ്ട് നദീ-ബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രജനി ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജനിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. 2021 ആദ്യം രജനി പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചു
1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ-ഐശ്വര്യ, സൗന്ദര്യ. ആശ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലാണ് ലത. യുവ നടൻ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.