ലാത്വിയയിൽ വെള്ളിയാഴ്ച കോവിഡ് -19 രോഗം കാരണം ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി-ഡുക്ക് അന്തരിച്ചു. 59 വയസായിരുന്നു. മലയികൾക്കിടയിൽ വലിയ ഒരു ആരാധക വൃന്ദം തന്നെ അദ്ദേഹത്തിന് ഉണ്ട്. ഇപ്പോൾ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു. കിമ്മുമായി നടത്തിയിരുന്ന ചാറ്റുകളുടെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
“ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി… പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല.. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും… എന്തൊരു വര്ഷമാണീ 2020…”, ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
ഇരുണ്ടതും വിവാദപരവുമായ സിനിമകൾക്ക് കിം കി-ഡുക്ക് പ്രശസ്തനായിരുന്നു. സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ… ആൻഡ് സ്പ്രിംഗ്, സമരിറ്റൻ ഗേൾ, 3-അയൺ, അരിരംഗ്, പിയേറ്റ്, വൺ ഓൺ വൺ എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ സിനിമകൾ.