ഇന്ദ്രജിത്തും പ്രിത്വിയും ഈ സ്വഭാവക്കാർ; അമ്മ മല്ലിക പറയുന്നു

താരങ്ങളുടെ അമ്മയായും നല്ലൊരു നടിയായും അതിലുപരി പഴയകാല താരത്തിന്റെ പത്നിയായും അറിയപ്പെടുന്ന നടിയാണ് മല്ലിക സുകുമാരൻ.കുടുംബത്തെപ്പറ്റി വാ തോരാതെ സംസാരിക്കാൻ ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് മല്ലിക. ഇപ്പോഴിതാ കുടുംബത്തെപ്പറ്റി മല്ലിക വീണ്ടും മനസ്സുതുറന്നിരിക്കുന്നു.

‘ഇന്ദ്രൻ എന്നെപ്പോലെയാണ്, ഇളയ ആള് സുകുവേട്ടനെ പോലെയും. ചേച്ചിയെ പോലെയാണ് മൂത്ത മരുമകൾ എന്ന് പലരും പറയും. കാരണം ഞങ്ങൾ രണ്ടു പേരും സംസാരപ്രിയരാണ്. രണ്ടാമത്തെ മരുമകൾ, അടുക്കാൻ അൽപ്പം സമയം എടുക്കും.’ മല്ലിക സുകുമാരൻ പറഞ്ഞു തുടങ്ങി. വീടിനുള്ളിൽ എല്ലാവരും സുഹൃത്തുക്കളെ പോലെയാണെന്നും അവരുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കാറില്ലെന്നും മല്ലിക പറയുന്നു. ടെലിവിഷൻ പരിപാടിക്കു നൽകിയ അഭിമുഖത്തിലാണ് മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും താരം മനസുതുറന്നത്.

‘സുകുവേട്ടന്റെ അതേ സ്വഭാവമാണ് പൃഥ്വിരാജിന്. അതേ സമയം എന്റെ അതേ സ്വഭാവമാണ് ഇന്ദ്രന്. പൃഥ്വി ഒരിക്കലും അഭിനയത്തിലേക്ക് വരും എന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ മക്കൾ രണ്ടും സിനിമാ രംഗത്തേക്ക് കടന്നു വരുമെന്ന് സുകുവേട്ടൻ മനസിലാക്കിയിരുന്നു. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ പൃഥ്വിക്ക് സിനിമാ മേക്കിങ്ങിൽ വളരെ വലിയ താത്പര്യം ആയിരുന്നു.’

‘ഓസ്‌ട്രേലിയയിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അവന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. നന്ദനം കഴിഞ്ഞപ്പോൾ ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്ന് കൊണ്ടേയിരുന്നു. ഒൻപതു മാസം കൂടി പോയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. ബാങ്കിൽ നിന്നും ലോൺ എടുത്താണ് ഞാൻ പഠിപ്പിച്ചത്. അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം അവൻ തുറന്നുപറഞ്ഞപ്പോൾ സംശയം തോന്നിയെങ്കിലും പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു. പഠനത്തിൽ നിന്നും കുറച്ചു ഇടവേള എടുത്ത ശേഷമാണ് സിനിമ അഭിയിക്കാൻ അവൻ എത്തുന്നത്. പിന്നെയാണ് ടാസ്മാനിയയിൽ നിന്നും ബിരുദം നേടുന്നത്.’

‘ഇന്ദ്രന്റെ കാര്യം പറഞ്ഞാൽ ഒരു ടെലിഫിലിമിൽ കൂടിയാണ് തുടക്കം. അതുകണ്ടാണ് ഊമപെണ്ണിലേക്ക് വിളിക്കുന്നത്. രണ്ടുപേരും നല്ല അഭിനേതാക്കൾ തന്നെയാണ്. പക്ഷേ രണ്ടാൾക്കും രണ്ടു ശൈലിയുണ്ട്. പിന്നെ പൃഥ്വിരാജ് തുടങ്ങുമ്പോൾ തന്നെ നായകനായി തുടങ്ങി എന്ന വ്യത്യാസം മാത്രമാണ് ഞാൻ കാണുന്നത്.’ മല്ലിക പറയുന്നു.

‘പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്. ഒരുപാട് സംസാരിക്കുന്നവർ ആണ്. എന്നാൽ പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണ്, അവനെ പോലെയാണ് ഭാര്യ സുപ്രിയയും.’ മല്ലിക വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!