നെഗറ്റീവ് റോള്‍ ആണെങ്കിലും ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാൻ മനസ്സ് വന്നില്ലെന്ന് വിജയ് സേതുപതി

തമിഴിലെ ആരാധകർ നെഞ്ചിലേറ്റി ലാളിക്കുന്ന ഒരു നടനാണ് വിജയ് സേതുപതി. കഠിനാദ്ധ്വാനം കൊണ്ട് മാത്രം വമ്പന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ലാളിത്യം വിടാതെ കാത്തുസൂക്ഷിക്കുന്ന നടന്‍ കൂടിയാണ് വിജയ്. മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരുകൊണ്ടാണ് തമിഴ് ആരാധകർ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് . തനിക്ക് ഇഷ്ടപ്പെടുന്ന റോളുകള്‍ ചെയ്യുവാന്‍ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. അതില്‍ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍. വിജയ് സേതുപതി വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു വില്ലന്‍ വേഷം ചെയ്യാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നാണ് ആരാധക വൃന്ദത്തിന്റെ സംശയം. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ല എന്ന ഉത്തരമാണ് താരം പറഞ്ഞത്.

സംവിധായകന്‍ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോള്‍ ആ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും നെഗറ്റീവ് റോള്‍ ആയത് കൊണ്ട് മാത്രം ഇത്ര ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാനും മനസ്സ് വന്നില്ലെന്നും മക്കള്‍സെല്‍വന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയുടെ മാസ് മറുപടി. മാസ്റ്ററിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ നിര്‍മാണം സേവ്യര്‍ ബ്രിട്ടോയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!