നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടർ എമിൽ ആണ് വരൻ. മോഹൻലാൽ കുടുംബസമേതം വിവാഹത്തിനെത്തി. വരവേൽപ്പ് സംഘത്തിന്റെ അകമ്പടിയോടു കൂടിയാണ് മോഹൻലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്.
ബ്ലാക്ക് ആൻഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താരകുടുംബം അണിഞ്ഞിരിക്കുന്നത്. മോഹൻലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോൾ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗൺ ആണ് ധരിച്ചത്. നീണ്ട നാളത്തെ വിദേശ വാസത്തിനു ശേഷം അടുത്തിടെയാണ് വിസ്മയ നാട്ടിലേക്ക് മടങ്ങിയത്. താരപുത്രി ശരീരഭാരം കുറച്ചതും വലിയ വാർത്തയായിരുന്നു.
പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും അവസാനം വരെ മോഹൻലാൽ പങ്കെടുത്തു. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്.