താരരാജാക്കന്മാർ ആശംസകള്‍ അറിയിച്ചു, മഞ്ജു വാര്യർ ചിത്രം ‘ലളിതം സുന്ദരം’

മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം.
ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ഒന്നിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരചക്രവര്‍ത്തി മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. മഞ്ജു വാര്യര്‍ക്കും ബിജു മേനോനും മധു വാര്യര്‍ക്കും ആശംസകളറിയിച്ചാണ് ഇരുവരും ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. 41 എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ദി ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മധു വാര്യര്‍ നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മധു വാര്യര്‍ സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സിനിമയെ ഏറെ ആഗ്രഹിച്ച് ജോലിയെല്ലാം കളഞ്ഞ് സിനിമയ്ക്കായി ഇറങ്ങിയ തന്റേ ചേട്ടന്‍ മധു വാര്യര്‍ സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു. മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. സിനിമ ഈ വര്‍ഷം ആരംഭിക്കും. ബിജു മേനോനാണ് ഈ ചിത്രത്തിലെ നായകൻ.

‘പലപ്പോഴും സിനിമയ്ക്കയി സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ കണ്ടിട്ടുണ്ട്. പല പ്രൊജക്റ്റുകളും അവസാന ഘട്ടത്തില്‍ നഷ്ടമായി. ഇപ്പോള്‍ എല്ലാം ഒത്തുവന്നിരിക്കുകയാണ്. ചേട്ടന്‍ ഇത് നന്നായി പൂര്‍ത്തിയാക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ഞാന്‍’, മഞ്ജു പറഞ്ഞു. ബിജു മേനോനോട് കഥ പറഞ്ഞതിന് ശേഷമാണ് താന്‍ ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതെന്നും മഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!