ഇന്ന് ഇർ‌ഫാൻ ഖാൻ ജന്മദിനം

ബോളിവുഡ് ഹിന്ദി ചലച്ചിത്രരം‌ഗത്തിനുപുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനാനായിരുന്നു ഇർഫാൻ ഖാൻ (7 ജനുവരി 1967 – 29 ഏപ്രിൽ 2020). 30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരും സമകാലികരും മറ്റ് വിദഗ്ധരുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കുന്നു. 2011-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.

ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വർഷങ്ങളുടെ നിരന്തര പരിശ്രമത്തേത്തുടർന്ന് സലാം ബോംബെ (1988) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഖാൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ദി വാരിയർ (2001) എന്ന ബ്രിട്ടീഷ് സിനിമയിൽ അഭിനയിച്ചതിന് ശേഷം ഹാസിൽ (2003), മക്ബൂൾ (2004) എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മുന്നേറ്റം നടത്തി. ദി നെയിംസേക്ക് (2006), ലൈഫ് ഇൻ എ … മെട്രോ (2007), പാൻ സിംഗ് തോമർ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ഇതിൽ പാൻ സിംഗ് തോമർ (2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. ദി ലഞ്ച്ബോക്സ് (2013), പിക്കു (2015), തൽവാർ (2015), നോ ബെഡ് ഓഫ് റോസസ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ കൂടുതൽ വിജയങ്ങൾ ലഭിക്കുകയും ദ അമേസിംഗ് സ്പൈഡർമാൻ (2012), ലൈഫ് ഓഫ് പൈ (2012), ജുറാസിക് വേൾഡ് (2015), ഇൻഫെർനോ (2016) എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ഹിന്ദി മീഡിയം (2017) എന്ന ചിത്രം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അതിന്റെ തുടർച്ചയായ ആംഗ്രെസി മീഡിയം (2020) അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു. 2020 ഏപ്രിൽ 29 ന് 53 വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.

രാജസ്ഥാൻ സംസ്ഥാനത്തെ ജയ്‌പൂരിൽ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ മാതാവ് പരേതയായ സഈദ ബീഗം ഖാൻ ടോങ്ക് ഹക്കീം കുടുംബത്തിൽ നിന്നുള്ള വ്യക്തിയും പിതാവ് പരേതനായ ജാഗീർദാർ ഖാൻ ടോങ്ക് ജില്ലയ്ക്കടുത്തുള്ള ഖജൂറിയ ഗ്രാമത്തിൽ , ടയർ ബിസിനസ്സ് നടത്തിയിരുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരായിരുന്ന ഇർഫാനും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ സതീഷ് ശർമയും. പിന്നീട് ഇർഫാൻ സി കെ നായിഡു ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ 23 വയസ്സിന് താഴെയുള്ള വളർന്നുവരുന്ന കളിക്കാർക്കുള്ള ടൂർണമെന്റ്). എന്നിരുന്നാലും ഫണ്ടിന്റെ അഭാവം മൂലം അദ്ദേഹം ടൂർണമെന്റിൽ പങ്കെടുത്തില്ല. എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.

1987 ൽ NSD യിലെ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. മീരാ നായരുടെ സലാം ബോംബെ! എന്ന സിനിമയിൽ ഇർഫാൻ ഖാന് ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹം അഭിനയിച്ച രംഗങ്ങൾ നീക്കം ചെയ്യപ്പെട്ടു. മിഖായേൽ ഷട്രോവിന്റെ റഷ്യൻ നാടകത്തിന്റെ ഉദയ് പ്രകാശിന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ലാൽ ഘാസ് പർ നീലെ ഘോഡ് എന്ന ടെലിവിഷൻ നാടകത്തിൽ അദ്ദേഹം ലെനിന്റെ വേഷം ചെയ്തു. പിന്നീട് ഡാർ എന്ന സ്റ്റാർ ബെസ്റ്റ് സെല്ലേഴ്‌സ് പരമ്പരയിലെ പ്രധാന പ്രതിയോഗിയായ സൈക്കോ കില്ലറായി അദ്ദേഹം അഭിനയിച്ചു. അലി സർദാർ ജാഫ്രി നിർമ്മിച്ച കഹ്കാഷനിൽ പ്രശസ്ത വിപ്ലവ ഉറുദു കവിയും ഇന്ത്യയുടെ മാർക്‌സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനുമായ മഖ്ദൂം മൊഹിയുദ്ദീന്റെ വേഷവും അദ്ദേഹം അവതരിപ്പിച്ചു. സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സിന്റെ (സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്ത) ഏതാനും എപ്പിസോഡുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഭൻവർ (SET ഇന്ത്യയിലൂടെ സംപ്രേഷണം ചെയ്തത്) എന്ന പരമ്പരയുടെ രണ്ട് എപ്പിസോഡുകൾക്കായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ബസു ചാറ്റർജിയുടെ നിരൂപക പ്രശംസ നേടിയ നാടകീയ ചിത്രമായ കംല കി മൌത്തിൽ (1989) രൂപ ഗാംഗുലിക്കൊപ്പം അഭിനയിച്ചു.

അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ ഭാരത് ഏക് ഖോജ്, സാരാ ജഹാൻ ഹമാര, ബനേഗി അപ്നി ബാത്ത്, ശ്രീകാന്ത്, ദൂരദർശനിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അനൂഗൂഞ്ച്, സ്റ്റാർ ബെസ്റ്റ് സെല്ലേഴ്സ് (സ്റ്റാർ പ്ലസ്), സ്പാർഷ് എന്നിവ അവയിൽ പ്രധാനമാണ്. വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ നിരൂപക പ്രശംസ നേടിയ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അതുപോലെയുള്ള മറ്റു സിനിമകളും അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1998 ൽ സഞ്ജയ് ഖാന്റെ “ജയ് ഹനുമാൻ” എന്ന പരമ്പരയിൽ ഖാൻ വാത്മീകിയെ അവതരിപ്പിച്ചു.

മുന്നേറ്റവു ദേശീയ അംഗീകാരവും (2001–2008)
ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും 11 ആഴ്ചകൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയായ ദി വാരിയർ എന്ന ചരിത്ര സിനിമയിലെ നായകനായി ആസിഫ് കപാഡിയ അദ്ദേഹത്തെ അവതരിപ്പിച്ചു. 2001 ൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ദി വാരിയർ പ്രദർശിപ്പിക്കപ്പെട്ടതോടെ, ഖാൻ അറിയപ്പെടുന്ന ഒരു മുഖമായി മാറി.

പക്ഷേ പിന്നീടുള്ള പല സിനിമകളിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സം‌വിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഈ ചിത്രത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചതിന് ശേഷം, ഖാൻ അഭിനയിച്ച ഒരു മുഴുനീള ഫീച്ചർ സിനിമയായി ഇത് നിർമ്മിക്കപ്പെട്ടു. അതേ വർഷം തന്നെ ഷേക്സ്പിയറുടെ മാക്ബെത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായ നിരൂപക പ്രശംസ നേടിയ മക്ബൂലിൽ അദ്ദേഹം ടൈറ്റിൽ റോൾ ചെയ്തു.

ഹിന്ദിയിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിം‌ഫെയർ അവാർഡ് ലഭിച്ചു.

2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!