ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും ഒന്നിച്ചഭിനയിക്കുന്ന ഷൈജു അന്തിക്കാടിന്റെ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ചിത്രത്തിന്റെ ആദ്യത്തെ വീഡിയോ സോങ് ഇപ്പോൾ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനോടൊപ്പം റിമ കല്ലിങ്ങൽ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, നമിത പ്രമോദ്, നിഖില വിമൽ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ ഗാനം പുറത്തിറക്കിയത്. സച്ചിൻ ബാലു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രശസ്ത കവിയും ഗാനരചയിതാവുമായ അൻവർ അലിയാണ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേർന്നാണ് സ്മരണകൾ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലും സംഗീതാസ്വാദകർക്കിടയിലും ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഭൂമിയിലെ മനോഹര സ്വകാര്യം നിർമിച്ചിരിക്കുന്നത് ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്കുമാർ ആണ്. എ ശാന്തകുമാറാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
അന്റോണിയോ മിഖായേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ ശാന്തകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഈ മാസം പുറത്തിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ചിത്രം ഇപ്പോൾ.