‘മാഡം തുസ്സാഡ്സ്’ മ്യൂസിയത്തിൽ മെഴുകു പ്രതിമയാകുന്ന ആദ്യ തെന്നിന്ത്യൻ താരം എന്ന അംഗീകാരം കാജല്‍ അഗർവാളിന് ലഭിച്ചു. പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ സമയത്ത് തൻറെ മെഴുകു പ്രതിമയ്ക്ക് മുന്നിൽ നിന്ന് കാജൽ അഗർവാൾ പങ്കുവെച്ച രസകരമായ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലൂടെ കാജൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാജലും മെഴുകു പ്രതിമയും അടുത്തടുത്ത് നിൽക്കുന്ന സമയത്ത് യഥാർത്ഥ കാജലിനെ അവഗണിച്ച് മെഴുക് പ്രതിമയെ മേക്കപ്പിടുകയാണ് മേക്കപ്മാൻ. പ്രതിമയുടെ മുന്നിലേക്ക് നീങ്ങി നിന്ന് തന്നെ മേക്കപ്പ് ചെയ്യാൻ ചിരിയോടെ ആവശ്യപ്പെടുകയാണ് കാജൽ. ഇതായിരുന്നോ ശരിക്കുള്ള കാജൽ എന്ന രീതിയിൽ മേക്കപ്പ്മാനും ആശ്ചര്യപ്പെടുന്നതായി വീഡിയോയിൽ കാണാം. ഇതിനകം നിരവധിപേർ വീഡിയോ കണ്ടു പ്രതികരിച്ചു.
ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്ര നടിയുടെ പ്രതിമ ഈ മ്യൂസിയത്തില്‍ വരുന്നത്. പഞ്ചാബി കുടുംബത്തില്‍ ജനിച്ച കാജല്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. തന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് മെഴുകു പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കാജലെത്തിയത്. ബോളിവുഡ് താരറാണികളായ പ്രിയങ്ക ചോപ്രക്കും ദീപിക പദുക്കോണിനും ഇത്തരത്തില്‍ മെഴുകുപ്രതിമകളുണ്ട്.