ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദി പ്രീസ്റ്റ് ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ടീസർ ആണ് പുറത്തു വന്നിരിക്കുന്നത്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ബിലീവ് ഇറ്റ് ഓർ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്’ എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസറിലെ ബേബി നിയ ചാർലിയുടെ ബാക്ക്ഗ്രൗണ്ട് ശബ്ദം പോലും വല്ലാത്ത മിസ്ട്രി ഫീൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.