ബാഹുബലി 2ന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തില്‍ നായിക. അജയ് ദേവ്ഗൺ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 400 കോടി രൂപ ബഡ്ജറ്റിലാണ് ‘ആര്‍ആര്‍ആര്‍’ അണിയറയില്‍ ഒരുങ്ങുന്നത്.
വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്നത്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.
പിതാവ് കെവി വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇത്തവണയും രൗജമൗലി ചിത്രത്തിന് വേണ്ടി കഥ തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന് തിരക്കഥയെഴുതിയ ചിത്രത്തിന് സായ് മാധവ് ബുറയും മധന്‍ കര്‍ക്കിയും സംഭാഷണങ്ങള്‍ ഏഴുതിയിരിക്കുന്നു. ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് രാജമൗലിയുടെ പുതിയ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.