ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിത സിനിമയുടെ ചിത്രീകരണത്തിനിടെ ശോഭനയെ സ്വന്തം അമ്മയെ പോലെ തോന്നിയെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. ഒരു അഭിമുഖത്തിനിടെയാണ് കല്യാണി ഇങ്ങനെ പറഞ്ഞത്.
“ഒരു ദിവസം ഞാൻ വീട്ടിൽപ്പോയി പറഞ്ഞു, അച്ഛാ എനിക്കു ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി എന്ന്. എന്റെ അമ്മ തരുന്ന അതേ കരുതലാണ് അവർ എനിക്കു കഥാപാത്രമായും സെറ്റിലും തന്നത്. എത്രയോ സമയത്തു ഞാൻ അറിയാതെ മകളായിപ്പോയി. അമ്മ കൂടെ നിൽക്കുന്നതുപോലെ. സിനിമയാണെന്നുപോലും മറന്നുപോയി. അത്രയും നാച്വറലാണ് ശോഭന മാം. ശോഭന മാം എന്നെ ചേർത്തു നിർത്തുന്പോൾ എനിക്കുതോന്നി ശരിക്കുള്ള അമ്മയ്ക്കു മാത്രമെ ഇതുപോലെ ചേർത്തു നിർത്താനാകൂ എന്ന്. എന്റെ അമ്മ എനിക്കുതന്ന അതേ നല്ല നിമിഷങ്ങൾ. അപ്പോൾ നമ്മളും അറിയാതെ നന്നായി അഭിനയിച്ചുപോകും’. കല്യാണി പ്രിയദർശൻ പറഞ്ഞു.