ബോളിവുഡിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് ജാക്വിലിൻ ഫെർണാണ്ടസ്. 2009 ൽ അലാദ്ദീൻ എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിൽ എത്തുന്നതിന് മുമ്പ് മോഡലിങ് രംഗത്തും സജീവമായിരുന്നു ജ്വാകിലിൻ. 2006 ൽ മിസ് യൂണിവേഴ്സ് ശ്രീലങ്കയായിരുന്നു താരം.
മാസ് കമ്യൂണിക്കേഷൻ ബിരുദധാരിയായ ജാക്വിലിൻ ശ്രീലങ്കയിൽ ടെലിവിഷൻ അവതരാകയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് ഈ ശ്രീലങ്കൻ സുന്ദരി. വുമൺ സ്റ്റോറീസ് എന്നു പേരിട്ടിരിക്കുന്ന ആന്തോളജിയായിരിക്കും ജാക്വിലിന്റെ ആദ്യ ഹോളിവുഡ് ചിത്രം.
ആറ് ചിത്രങ്ങളായിരിക്കും വുമൺ സ്റ്റോറീസിൽ ഉണ്ടായിരിക്കുക. ലോകത്തിലെ പ്രശസ്തരായ ആറ് വനിതാ സംവിധായകരാണ് ചിത്രങ്ങൾ ഒരുക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിൽ ലീന യാദവ് സംവിധാനം ചെയ്യുന്ന ഷെയറിങ് എ റൈഡിലായിരിക്കും ജാക്വിലിൻ അഭിനയിക്കുക. ട്രാൻസ്ജന്റർ മോഡലായ അഞ്ജലി ലാമയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർച്ച്ഡ് സിനിമയുടെ സംവിധായകയാണ് ലീന യാദവ്.