മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തരജോഡികളാണ് ബിജു മേനോനും പൃഥ്വിരാജും. അനാർക്കലിയ്ക്ക് ശേഷം ബിജു മേനോൻ- പൃഥ്വിരാജ് കൂട്ട്ക്കെട്ടിൽ പിറക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പ്രേക്ഷർ ഏറെ ആകാക്ഷയാടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
നായകനോ വില്ലനോ ഇല്ലാത്ത സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് കഴിഞ്ഞ ദിവസം കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പ്രസ്മീറ്റിൽ പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ രഞ്ജിത്തും പൃഥ്വിരാജും ബിജുമോനോനും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അയ്യപ്പനും കോശിയുമായി പൃഥ്വിയും ബിജു മോനോനും എത്തുമ്പോൾ അച്ഛൻ വേഷത്തിലാണ് രഞ്ജിത്ത് സിനിമയുടെ ഭാഗമാകുന്നത്. പ്രസ് മീറ്റിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് പൃഥ്വിയുടെ താടി ഗെറ്റപ്പായിരുന്നു.
കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക്ക് എടുക്കാനും തയ്യാറാകുന്ന നടനാണ് പൃഥ്വി. സ്റ്റൈലിഷ് ലുക്കിലാണ് പൃഥ്വിയെ അധികവും കാണുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് പൃഥ്വിരാജിന്റെ താടി വെച്ച ലുക്കിനെ കുറിച്ചാണ്. താടിയിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും നീട്ടിവളർത്തിയ താടിയുമായി താരം അധികം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ ഇത്തവണ പതിവിലും വിപരീതമായി താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് പ്രസ്മീറ്റിൽ താരം എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു പൃഥ്വി മറുപടി നൽകിയത്. താടി ലുക്ക് മറ്റേതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ സംശയം. ഇപ്പോൾ തനിക്ക് സിനിമയൊന്നുമില്ലെന്നും അതുകൊണ്ടാണ് ഈ ലുക്ക് വച്ച് നടക്കുന്നതെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്നാൽ പൃഥ്വി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് മൈക്ക് രഞ്ജിത്ത് പിടിച്ച് വാങ്ങിയതിന് ശേഷം ആ സസ്പെൻസ് പരസ്യമാക്കുകയായിരുന്നു.
‘അവൻ നിങ്ങളോട് നുണ പറയുന്നതാണ്, ആട് ജീവിതത്തിലേയ്ക്ക് ഒരുങ്ങുകയാണ്’ -രഞ്ജിത്ത് പറഞ്ഞു. ‘ബെന്യാമിന്റെ നോവൽ ബ്ലെസിയെന്ന മിടുക്കനായ സംവിധായകൻ സിനിമയാക്കുന്നു. ഒരു ഷെഡ്യൂൾ ഷൂട്ട് കഴിഞ്ഞു.ഇനി ഇവൻ മെലിഞ്ഞ് വളർന്ന താടിയൊക്കെയായി മരുഭൂമിയിൽ ആടുകൾക്കൊപ്പം ജീവിക്കാൻ പോകുകയാണ്.’-രഞ്ജിത്ത് കൂട്ടുിച്ചേർത്തു.