അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് നാളെ

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന്റെയും സമർപ്പണം നാളെ വൈകിട്ട് ആറുമണിക്ക് നടക്കും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആണ് ചടങ്ങ് നടക്കുക. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി ഡാനിയേൽ അവാർഡ് നൽകി സംവിധായകൻ ഹരിഹരനെ ചടങ്ങിൽ ആദരിക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് ജേതാക്കൾക്കും പ്രത്യേക ക്ഷണിതാക്കൾക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ, അഡ്വ.വി.എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, സുരേഷ് ഗോപി, വി.എസ് ശിവകുമാർ എം.എൽ.എ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!