കൊച്ചിൻ ഹനീഫ ഓർമയായിട്ട് ഇന്ന് പതിനൊന്ന് വർഷം

കൊച്ചിൻ ഹനീഫ (സലീം മുഹമ്മദ് ഘൗഷ്, 1951 ഏപ്രിൽ 22 – 2010 ഫെബ്രുവരി 2) തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.

മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.

1951 ഏപ്രിൽ 22-ന് എറണാകുളത്താണ് കൊച്ചിൻ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു ഹനീഫ. 1970 കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലൻ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്.

തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഇരട്ടകളായ ഇവർ 2006-ലാണ് ജനിച്ചത്. ഹനീഫ മരിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവസാനകാലത്ത് ഗുരുതരമായ കരൾ രോഗം ബാധിച്ച് പൊറുതിമുട്ടിയ ഹനീഫയെ 2010 ജനുവരി അവസാനവാരത്തിൽ ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2-ന്‌ വൈകീട്ട് 3.45 ഓടെ അന്തരിക്കുകയും ചെയ്തു.. മൃതദേഹം ജന്മനാട്ടിലെത്തിച്ച ശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരും ജനപ്രതിനിധകളും സാധാരണക്കാരുമടക്കം ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!