ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കുന്ന താരമാണ് നവ്യ നായർ. ഒരുത്തീയുടെ ഷൂട്ടിംഗിനിടെ നവ്യയെ അമ്പരപ്പിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് താരം ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിലൂടെ താന്‍ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തില്‍ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്. നവ്യ ധരിച്ചിരുന്ന ചുരിദാറിനോട് സമമാണ് ലൊക്കേഷനിലൂടെ നടന്നുപോയ സ്ത്രീയുടെ വേഷവും. ഉടന്‍ തന്നെ അവരുടെ ചിത്രം പകര്‍ത്തി കൗതുകത്തോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു താരം. ഷോള് ഉപയോഗിച്ച് മുഖം മറച്ച് നീങ്ങുന്ന സ്ത്രീയെയാണ് ഫോട്ടോയില്‍ കാണാനാകുക.
ഇടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ. എസ് സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.