അമ്മയുടെ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടന വേളയിലെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഈ ഫോട്ടോയിലൂടെ മലയാളസിനിമയിലെ ആണ്മേല്ക്കോയ്മയാണ് വ്യക്തമാകുന്നത് എന്ന തരത്തിലുള്ള വിമർശങ്ങൾ പുറത്തുവന്നിരുന്നു. ഉദ്ഘാടന വേളയിയിൽ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നില്ക്കുന്നൊരു ചിത്രം ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എക്സിക്യൂട്ടീവ് അംഗം ഹണി റോസ്.
ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും ഹണി പറഞ്ഞു. ‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു മെമ്പേഴ്സ് പറഞ്ഞതാണ്.’ ഹണി റോസ് പറയുന്നു. ഉദ്ഘാടനച്ചടങ്ങുകള്‍ക്കിടയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില് ആകസ്മികമായി ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും ഹണി റോസ് പറഞ്ഞു.