25-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം മേഖലാ പ്രദർശനത്തിന് ഇന്ന് കൊടിയിറക്കം

രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിൽ ചലച്ചിത്രങ്ങളുടെ  വർണ്ണകാഴ്ചയൊരുക്കിയ 25-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം മേഖലാ പ്രദർശനത്തിന് ഞായറാഴ്ച കൊടിയിറങ്ങും . ജനപങ്കാളിത്തമാണ് കൊച്ചിയിലെ മേളയെ വേറിട്ടുനിറുത്തുന്നത് . നീണ്ട കാലത്തിനു നഗരത്തിലെത്തിയ മേളയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കൊച്ചിയിലെ  ജനങ്ങളെയാണ് മേളയിലുടനീളം കാണാൻ സാധിച്ചത്. റിലീസ് ചിത്രങ്ങളും ഓസ്കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ കാഴ്ചവസന്തമൊരുക്കിയത്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മേള ആസ്വദിക്കാൻ  മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും 2500 ഓളം പ്രതിനിധികളാണ്  കൊച്ചിയിലെത്തിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങൾ എല്ലാ പ്രദർശനങ്ങളിലും മികച്ച പ്രതികരണം നേടി . ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്.  പ്രതീക്ഷയുയർത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തില്‍ നിന്ന് ഉള്‍പ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്. തമിഴ് ഹിന്ദി  ഭാഷകളില്‍നിന്നും വിദേശ ഭാഷകളില്‍നിന്നും നവാഗതര്‍ മേളയില്‍ സാന്നിധ്യം അറിയിച്ചു.

കോവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങൾ ഉൾപ്പെട്ടിരുന്ന മേളയിൽ  ലോകസിനിമാ വിഭാഗത്തിൽ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബോസ്‌നിയന്‍ വംശഹത്യയുടെ കഥപറഞ്ഞ  ‘ക്വോ വാഡിസ്, ഐഡ?’ യിൽ തുടങ്ങിയ മേള  ബ്രസീലിയൻ  ചിത്രം ഡെസ്റ്ററോയിലാണ് അവസാനിക്കുന്നത് . ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്‌പൈ, നെവര്‍ ഗോന്നാ സ്‌നോ എഗയ്ന്‍, ദ വേസ്റ്റ് ലാന്‍ഡ്,കൊസ തുടങ്ങിയ  ചിത്രങ്ങൾ മേളയിൽ പ്രേക്ഷക ഹൃദയം കീഴടക്കി.

കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി ,1956 മധ്യതിരുവതാംകൂര്‍ എന്നിവയും  പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. സംവിധായകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും  ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ നവ്യാനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!