സ്ത്രീശാക്തീകരണം കാണിക്കാന്‍ വേണ്ടി, രണ്ട് സിനിമയെടുക്കുക, പരമാവധി പി.ആര്‍. ചെയ്യുക; അതുകൊണ്ടൊന്നും കാര്യമില്ലെന്ന് പാര്‍വതി.

കൊച്ചി: സ്ത്രീശാക്തീകരണം കാണിക്കുന്നതിനായി മാത്രം സിനിമകളെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. വനിതാദിനത്തില്‍ മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.

‘സ്ത്രീശാക്തീകരണം കാണിക്കുന്നതിനുവേണ്ടി രണ്ട് സിനിമ പെട്ടെന്നെടുക്കുക, എന്നിട്ട് പരമാവധി പി.ആര്‍. ചെയ്യുക. അതുകൊണ്ടൊന്നും കാര്യമില്ല. സ്വാഭാവികമായി അത്തരം സിനിമകള്‍ വരണം. അതിന് തുടര്‍ച്ച വേണം. മലയാളത്തിലാണ് അത് ഏറ്റവും കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴിറങ്ങിയിട്ടുള്ള ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ നോക്കൂ. നിങ്ങള്‍ നേരത്തേ പറഞ്ഞ സിനിമകളെക്കാളൊക്കെ മുകളിലാണത്,’ പാര്‍വതി പറഞ്ഞു.

വ്യത്യസ്ത ഭാഷകളിലെ സിനിമാ ഇന്‍ഡസ്ട്രികളിലെ ചലനങ്ങളെ താരതമ്യംചെയ്യരുതെന്നും ഓരോന്നിന്റെയും ചരിത്രം ഭിന്നമാണെന്നും പാര്‍വതി പറഞ്ഞു.

‘കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയചരിത്രം തന്നെ ഭിന്നമാണ്. സിനിമയിലും സാഹിത്യത്തിലുമെല്ലാം അതാണ് പ്രതിഫലിക്കുക. നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതല്‍ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടേത്. ആത്മവിമര്‍ശനത്തിന്റെ അംശങ്ങള്‍ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നു,’ പാര്‍വതി പറയുന്നു.

പാര്‍വതിയും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന പുഴുവാണ് ഇനി പാര്‍വതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വനിതാദിനത്തിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!