കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായി ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതിൽ നിർമ്മാതാക്കളുടെ സംഘടന സന്നദ്ധത പ്രകടിപ്പിച്ചു. അടുത്തിടെ നിർമ്മാതാവായ ജോബി ജോർജിനോട് മാപ്പ് അപേക്ഷിച്ച് നടൻ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഷൈൻ നായകനാകുന്ന ‘ഖുർബാനി’ എന്ന സിനിമ പൂർത്തീകരിക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗം വ്യക്തത വരുത്തണമെന്നും അതിനുശേഷം വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുക്കുകയായിരുന്നു.
പ്രതിഫല തർക്കത്തിനെത്തുതുടർന്ന് ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ചാണ് വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചത്. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ ഷൈൻ പറയുന്നു. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും നിലവിൽ നൽകിയ രൂപയ്ക്ക് അഭിനയിക്കാമെന്നും ഷെയ്ൻ വ്യക്തമാക്കുകയുണ്ടായി.
എന്നാൽ ഷൈനിന്റെ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും ‘വെയിൽ’, ‘ഖുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകളും പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു.