മാടമ്പ് കുഞ്ഞുകുട്ടന് സാംസ്കാരിക തലസ്ഥാനത്തിൻ്റെ യാത്രാമൊഴി

തൃശ്ശൂർ: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് സാംസ്കാരിക തലസ്ഥാനം വിട നൽകി. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂർ കിരാലൂരിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു.

സംസ്ഥാന സർക്കാരിന് വേണ്ടി ആർ.ഡി.ഒ എൻ.കെ കൃപ, മുഖ്യമന്ത്രിക്കു വേണ്ടി തൃശൂർ തഹസിൽദാർ കെ.എസ് സുധീർ, മന്ത്രി എ.സി. മൊയ്തീനെ പ്രതിനിധീകരിച്ച് കുന്നംകുളം തഹസിൽദാർ ബെന്നി മാത്യു എന്നിവരാണ് ആദരാഞ്ജലി അർപ്പിച്ചത്. മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി 1941 ലാണ്, തൃശൂർ ജില്ലയിലെ കിരാലൂർ എന്ന ഗ്രാമത്തിൽ ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായി.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നീ നോവലുകൾ മാടമ്പിൻ്റെതാണ്. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നീ ചിത്രങ്ങൾക്ക് മാടമ്പ് തിരക്കഥ രചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!