കൂടുതൽ അതിശയിപ്പിച്ച മകളുടെ സമ്മാനം

സുസ്മിത സെന്‍ സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സുസ്മിത അവര്‍ക്കൊപ്പം കഴിയുകയാണ്. 2000 ല്‍ റിനീ എന്ന കുട്ടിയേയും 2010ല്‍ അലീഷയേയുമാണ് സുസ്മിത ദത്തെടുത്തത്. മാതൃദിനത്തില്‍ സുസ്മിതയ്ക്ക് ഗംഭീര സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മകളായ അലീഷ. മനോഹരമായൊരു ഒരു കാര്‍ഡും ഹാപ്പി മദേഴ്‌സ് ഡേ എന്നു സ്‌നേഹാക്ഷരങ്ങളില്‍ കുറിച്ചിട്ട വാക്കുകളും സ്വയം തുന്നിയെടുത്താണ് അലീഷ സുസ്മിതയ്ക്കു സമ്മാനിച്ചത്. അലീഷ നല്‍കിയ സമ്മാനം സുസ്മിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

” ഇതിലെ ഓരോ വരകളും എന്റെ മകള്‍ കൈകൊണ്ട് വരച്ചതാണ്. സമയമെടുത്തും അധ്വാനിച്ചും നിറഞ്ഞ സ്‌നേഹം കൊണ്ടും മകള്‍ എനിക്കു സമ്മാനിച്ചത്. എത്രയധികം രൂപ കൊടുത്താലും ഒരു കടയില്‍ നിന്നും വാങ്ങാന്‍ കഴിയാത്തത്. ഞാന്‍ ഏറ്റവും വിലമതിക്കുന്ന സമ്മാനം. ഓരോ മാതൃദിനത്തിലും എന്റെ അലീഷ എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ട്. ഇതാ ഇപ്പോഴും അവള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. ഓരോ തവണയും അവള്‍ എന്നെ കൂടുതല്‍ അതിശയപ്പെടുത്തുന്നു. എന്റെ പ്രിയപ്പെട്ട മകളേ…

അലീഷ ഷോണ, ഞാന്‍ നിന്നെ മറ്റാരേക്കാളും സ്‌നേഹിക്കുന്നു. എന്നും അനുഗ്രഹീതയായി വളരുക. ലോകത്തിനു നിന്നെപ്പോലുള്ള നന്മ നിറഞ്ഞവരെയാണു വേണ്ടത്. എന്നും നീ എന്റെ ജീവിതത്തിലുണ്ട്; ഓര്‍മ്മകളിലും.

കുട്ടികളെ വളര്‍ത്തുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു.

നിങ്ങള്‍ അമ്മമാരുടെ വംശം എന്നും നിലനില്‍ക്കട്ടെ.

നിങ്ങളുടെ സന്തോഷം നിങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അതു മറ്റുള്ളവരിലേക്കും പടരുന്നു. പകരുന്നു. അമ്മാരേ, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങളാണു ലോകത്തിന്റെ ഉറച്ച ശക്തി. ശോഭ അമ്മയ്ക്കും പ്രിതം മായ്ക്കും ഞാന്‍ നന്ദി പറയുന്നു. പ്രതിസന്ധിയുടെ കാലത്തും ഉറച്ച പിന്തുണയുമായി നിന്ന നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണു ഞാന്‍ നന്ദി പറയുക. എല്ലാ തിരിച്ചടികളും അതിജീവിച്ച് കൂടുതല്‍ കരുത്ത് നേടി ഞാന്‍ മടങ്ങിവരിക തന്നെ ചെയ്യും. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ബഹുമാനിക്കുന്നു. ആദരിക്കുന്നു” സുസ്മിത കുറിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!