സിനിമാ ആരാധകർക്ക് ആകാംഷയുടെയും ആഹ്ലാദത്തിന്റെയും വേനൽക്കാലം സമ്മാനിച്ചുകൊണ്ട് സൂപ്പർ താരങ്ങളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് തമിഴകത്ത് ഒരുങ്ങുന്നത്. സൂപ്പർതാരങ്ങളായ വിജയിയുടെയും, സൂര്യയുടെയും, ധനുഷിന്റെയുമടക്കം വരാനിരിക്കുന്ന വൻ ചിത്രങ്ങളുടെ ചർച്ചയിലും ആവേശത്തിലുമാണ് സിനിമാപ്രേമികളും ആരാധകലോകവും. സോഷ്യൽ മീഡിയയുടെ കാര്യാമാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. താരങ്ങളുടെ ഫസ്റ്റ് ലൂക്ക് ഫോട്ടോകളും ടീസറുകളും കൊണ്ട് ഉത്സവമാക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ.
വരാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിൽ ബിഗിലിനുശേഷം വിജയ് നായകനായെത്തുന്ന മാസ്റ്റർ ആണ് ഒന്നാമത്തേത്. കൈദിയുടെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററുകൾ ഇതിനോടകം തന്നെ ഹിറ്റാകുകയും ചെയ്തിരുന്നു.
അതേസമയം യുവതാരം വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻവേഷത്തിലെത്തുന്നുവന്നതും ശ്രദ്ധേയമാണ്. മാളവികാ മോഹനനും ആൻഡ്രിയ ജെറമിയയുമാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. സേവ്യർ ബ്രിട്ടോ നിർമിക്കുന്ന ചിത്രം ഏപ്രിൽ ഒമ്പതിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ലിറിക് ഗാനവും ഇപ്പോൾ തരംഗമാണ്.
മോഹൻലാലുമൊത്തുള്ള കാപ്പാനുശേഷം സൂര്യ നായകനായെത്തുന്ന ബയോപിക് ചിത്രമായ ‘സൂരരൈ പോട്ര്’ ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സുധാ കോങ്ക്ര സംവിധാനംചെയ്യുന്ന ചിത്രത്തിൽ മലയാളിതാരം അപർണാ ബലമുരളിയാണ് നായിക.
എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ചിത്രവുമാണിത്. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. 2ഡി എന്റർടെയ്ൻമെന്റ്സും സിഖ്യാ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ചിത്രമൊരുക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്റോഫ് എന്നി വമ്പൻ താരങ്ങളും ചിത്രത്തിലുണ്ട്. ജി.വി. പ്രകാശാണ് സംഗീതം ഒരുക്കുന്നത്.
തമിഴ് നടൻ ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്യുന്ന പുതിയ ചിത്രം ‘ജഗമേ തന്തിര’മാണ് അടുത്ത ആരാധകരുടെ ആകാംഷയിലുള്ള വമ്പൻ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക് മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ മലയാളിതാരങ്ങളായ ജോജു ജോർജ്, ഐശ്വര്യാ ലക്ഷ്മി എന്നിവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു, ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണിത്. വെനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ്ചെയ്യുന്നത്. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം സന്തോഷ് നാരായണൻ. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ.
മക്കൾ സെൽവൻ വിജയ് സേതുപതി നായകനായെത്തുന്ന ‘ഓ മൈ കടവുളെ’ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന മറ്റൊരു ചിത്രം. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശോക് സെൽവൻ, റിതികാ സിങ്, വാണി ബോജൻ എന്നിവരും വേഷമിടുന്നു. അശോക് സെൽവനും അഭിനയാ സെൽവവും ചേർന്നാണ് ചിത്രമൊരുക്കുന്നത്. ചിത്രങ്ങളുടെ പോസ്റ്ററുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.