61-ാം ജൻമദിനം ആഘോഷിച്ച് നടനവിസ്മയം

മലയാളികളുടെ ഇഷ്ടനടന് ഇന്ന് 61-ാം പിറന്നാൾ. മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. 1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌.

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.

പ്രീഥ്വിരാജ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ വമ്പൻ ഹിറ്റ്‌ ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ്‌ അണിയറക്കാർ.ദൃശ്യം 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പ്രിയൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കലിന്റെ സിംഹം എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!