ആരാധകരുടെ സംശയം മാറ്റി അൽഫോൺസ് പുത്രൻ

അൽഫോൺസ് പുത്രൻ എന്ന സംവിധാനം ചെയ്ത മികച്ച ചിത്രമായിരുന്നു പ്രേമം. ചിത്രത്തിലെ കഥാപാത്രങ്ങളായ മലർ മിസും, ജോർജും, സെലിനും, മേരിയും എല്ലാം വര്ഷമിത്രയായിട്ടും ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്നു. പ്രേമം സൃഷ്ടിച്ച തരം​ഗം മലയാളവും കടന്ന് തെന്നിന്ത്യയിലാകെ പ്രഭാവം ചെലുത്തി. മറ്റു ഭാഷയിലും ചിത്രത്തിന്റെ റിമേക്കുകൾ പിറന്നു.

പ്രേമം പലവട്ടം കണ്ട പ്രേക്ഷകരിൽ പോലും ഇന്നും മായാതെ നിൽക്കുന്ന ഒരു സംശയമാണ് സായിപല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രം നിവൻ പോളിയുടെ ജോർജിനെ തേച്ചതാണോ അതോ മറന്നതാണോയെന്ന്. ഈ സംശയത്തിന് വർഷങ്ങൾക്കു ശേഷം മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.

ചിത്രത്തിൽ മലർ ജോർജിനെ മറന്നു പോവുന്നുണ്ട്. എന്നാൽ ക്ലൈമാക്സിൽ ജോർജിന്റെയും സെലിന്റെയും വിവാഹത്തിന് എത്തിയ മലർ കഴിഞ്ഞുപോയതെല്ലാം ഓർക്കുന്നുണ്ടെന്ന സൂചനയും ചിത്രം നൽകുന്നുണ്ട്. ഇതു സംബന്ധിച്ച് അൽഫോൺസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഇതിനെല്ലാമുളള ഉത്തരമുണ്ട്.

“പ്രേമം സിനിമയിൽ ഒരു സംശയമുണ്ട്. ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം ജോർജിനെ ഒഴിവാക്കാൻ കരുതിക്കൂട്ടി ചെയ്തതാണോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച മലർ ജോർജ് വിവാഹിതനാവുന്നതിനാൽ അവനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? എന്റെ സുഹൃത്തുമായി ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്” എന്നായിരുന്നു ആരാധകന്റെ കമന്റ്.

ഓർമ നഷ്ടപ്പെട്ട മലർ ഓർമ തിരിച്ചു കിട്ടിയപ്പോൾ അറിവഴകനുമായി സംസാരിച്ചിരിക്കാം. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കാം. കൈ കൊണ്ട് ‘സൂപ്പർ’ എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്ഷനിലൂടെയും വയലിനു പകരം ഹാർമോണിയം സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചു എന്നും അൽഫോൺസ് ഉത്തരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!