സ്ത്രീധനം ചോദിച്ചുവരുന്നവര്‍ക്ക് പെണ്മക്കളെ കെട്ടിച്ചുകൊടുക്കരുത്,പാര്‍വതി ഷോണ്‍

സ്ത്രീധന പീഡനങ്ങള്‍ക്ക് ഒടുവില്‍ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പാര്‍വതി ഷോണ്‍. സ്ത്രീധന സമ്പ്രദായം തന്നെ ഇല്ലാതാവണമെന്നും സ്ത്രീധനം ചോദിച്ചുവരുന്നവര്‍ക്ക് കെട്ടിച്ചുകൊടുക്കരുതെന്ന് തീരുമാനിക്കണമെന്ന് പാര്‍വതി ഷോണ്‍ പറയുന്നു.

പാര്‍വതിയുടെ വാക്കുകള്‍:

രാവിലെ ഞാന്‍ വാര്‍ത്ത നോക്കുകയായിരുന്നു. യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പീഡനമെന്ന് ബന്ധുക്കള്‍. എന്താല്ലെ, മാളു 24 വയസ്സ് മാത്രമാണ് ആ കുട്ടിക്കുള്ളത്. വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം. എന്നാണ് നമ്മളൊക്കെ മാറുക, നമ്മള്‍ മാതാപിതാക്കള്‍ പഠിക്കേണ്ട ഒരു കാര്യമുണ്ട്. പെണ്‍കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുക, നല്ല വിദ്യാഭ്യാസം കൊടുക്കുക. എന്തുവന്നാലും അത് നേരിടാനും വെല്ലുവിളിക്കാനുമുള്ള മനസ്സ് ഉണ്ടാക്കി കൊടുക്കുക. അവളെ സ്വയംപര്യാപ്തയാക്കുക. ഇതൊക്കെയാണ് അവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ധനം. അല്ലാതെ പ്രായപൂര്‍ത്തിയാകുമ്പോഴെ കെട്ടിച്ചുവിടുകയല്ല വേണ്ടത്. സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്‍ക്കുന്ന ആണ്‍പിള്ളേരെ പറഞ്ഞാല്‍ മതി. ഭാര്യമാരെ ബഹുമാനിക്കാന്‍ പഠിക്ക്, അവളെ സ്‌നേഹിക്ക്.

കല്യാണം കഴിച്ച് ഒരു കുടുംബത്തിലേയ്ക്ക് വരുമ്പോള്‍ ആ കുടുംബഭാരം മുഴുവന്‍ നമ്മുടെ തലയിലാകും. ഇതൊക്കെ പറയുമ്പോള്‍ എന്നെ ചിലര്‍ കുറ്റം പറയുമായിരിക്കും. പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം. ഇല്ലെങ്കില്‍ ഈ സമ്പ്രദായം എടുത്തുമാറ്റണം. വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അത് അവളുടെ പേരില്‍ കൊടുക്കണം. അവളുടെ ജീവിതം സുരക്ഷിതമാക്കണം. വേറൊരു വീട്ടിലേയ്ക്ക് കയറി ചെല്ലുന്ന െപണ്‍കുട്ടിയെ അവര്‍ നോക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്. സ്ത്രീധന സമ്പ്രദായം എടുത്തുമാറ്റണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ കുട്ടിയെ കെട്ടിച്ചുകൊടുക്കരുത്. സ്ത്രീയാണ് ധനം. അതോര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!