വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ജിയോ ബേബി

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍ ജിയോ ബേബിയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ‘സ്ത്രീധന മരണം പോലുള്ള പ്രശ്‌നങ്ങളില്‍ മാറ്റം വരാന്‍ നമ്മള്‍ സാമൂഹ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജിയോ ബേബിയുടെ വാക്കുകള്‍ ഇങ്ങനെ,

വിസ്മയയുടെ വിഷയത്തില്‍ പൊലീസില്‍ പരാതി പെടുമ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നത്. അത് ഒരു പൊലീസുകാരന്റെ മാത്രം പ്രശ്‌നമല്ല. അത് ഒരു സാമൂഹ്യ അവസ്ഥയാണ്. നിയമനിര്‍മ്മാണം നടക്കേണ്ട പലയിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് സാമൂഹ്യമായ അപജയമാണ്. ഇതില്‍ മാറ്റം വരുത്താന്‍ ഒറ്റ ദിവസം കൊണ്ട് സാധിക്കില്ല. നിയമങ്ങള്‍ കൊണ്ട് കുറേ ഒക്കെ മാറ്റം വരുത്താം..

അതോടൊപ്പം തന്നെ ഏറ്റവും ചെറിയ കുട്ടികളെ നമ്മള്‍ ജെന്‍ഡര്‍ ഇക്ക്വാളിറ്റിയെ കുറിച്ചൊന്നും പഠിപ്പിക്കുന്നില്ല. നമുക്ക് നല്ല രീതിയിലുള്ള ഒരു സെക്ഷ്വല്‍ എജുക്കേഷനില്ല. ഇവിടെയെല്ലാം നമ്മള്‍ മാറ്റം വരുത്തേണ്ടതുണ്ട്. മാതാപിതാക്കള്‍ സ്വന്തം മക്കളെ വളര്‍ത്തുന്നത് ഒരു തരം ബിസിനസ് പോലെയാണ്. ആണ്‍കുട്ടികളാണെങ്കില്‍ ഒരു 25-26 വയസാകുമ്പോഴേക്കും സമ്പാതിക്കാന്‍ തുടങ്ങണം. ഇല്ലെങ്കില്‍ മാതാപിതാക്കള്‍ തന്നെ മോശം പറയും. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പഠനം കഴിഞ്ഞാല്‍ വിവാഹം കഴിച്ച് വിടുക എന്നതാണ്. അതിലൂടെ വലിയൊരു ഉത്തരവാദിത്വം തീര്‍ക്കുകയാണ്.

സ്ത്രീധനം എന്ന വിഷയം പെണ്‍കുട്ടികള്‍ മാത്രം ഉള്‍പ്പെടുന്ന കാര്യമല്ല. അതില്‍ ആണ്‍ കുട്ടികളും, മാതാപിതാക്കളുമുണ്ട്. ഇപ്പോള്‍ സ്ത്രീധനം വേണ്ടയെന്ന് തീരുമാനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല. ഇവരെ എല്ലാം നമുക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാന്‍ സാധിക്കില്ല. അതിന് ഏറ്റവും ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മാറ്റം വരണം. അതിന് സര്‍ക്കാരും, വിദ്യാഭ്യാസ രീതിയുമെല്ലാം മാറേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!