കോവിഡ് കഴിഞ്ഞപ്പോൾ ശിവാനിയെ കാൻസർ കാത്തിരിക്കുകയായിരുന്നു

കോവിഡിൽ നിന്ന് മുക്തയായ സിനിമാതാരം ശിവാനി ഭായ്യെ കാൻസർ കാത്തിരിക്കുകയായിരുന്നു . നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രോഗത്തെക്കുറിച്ച് പറയുമ്പോഴും ഏവർക്കും പ്രചോദനവും വളരെ പോസിറ്റീവുമായ കുറിപ്പും ശിവാനി പങ്കുവയ്ക്കുന്നു.

ശിവാനിയുടെ വാക്കുകൾ:

അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില  ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ..

എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു…ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി…ഇതെന്റെ രണ്ടാമത്തെ കീമോ ആണ്…ആറ് എണ്ണം കൂടി ബാക്കിയുണ്ട് …. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന്  തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് …ഇന്നലെ മുതൽ അതു  കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു …മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ”

മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്.  മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.   അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം.  ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്.  അമ്മയോടും ഭർത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!