ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ട്
തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ.
“സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തിയേറ്ററുകളിലെ സാങ്കേതിക സൗകര്യത്തോട് കൂടി കണ്ടാലേ അതിന്റെ പൂർണ ആസ്വാദനത്തിലെത്തൂ.
ഒ.ടി.ടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്റെ സ്ക്രീനിൽ കണ്ട് തൃപ്തിയടയുന്നവരുമുണ്ടല്ലോ , ഉള്ളത് കണ്ട് ഉള്ളത് പോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടുതന്നെ നൂറ് കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്.
വലിയ താരപദവിയും ജനകീയാംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തിയേറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുതെന്നാണ് എന്റെ അഭിപ്രായം” വിനയൻ പറയുന്നു.