നടി ശരണ്യയുടെ അവസ്ഥ മോശമാണെന്ന് സീമ ജി.നായര്‍

നടി ശരണ്യയുടെ അവസ്ഥ മോശമാണെന്ന് സീമ ജി. നായര്‍. ക്യാന്‍സര്‍ ബാധിതയായിരുന്ന ശരണ്യയെ കോവിഡ് 19 ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡ് മാറിയതിനെ ത്തുടർന്ന് ന്യുമോണിയ പിടിപെടുകയായിരുന്നു .

36 ദിവസത്തിലേറെയായി ശരണ്യ ആശുപത്രിയില്‍ കഴിയുകയാണ്. ഇപ്പോള്‍ കീമോ തുടങ്ങിയെന്നും സീമ ജി. നായര്‍ യു ട്യൂബ് വീഡിയോയില്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയിലെ ചികിത്സ മൂലം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ശരിക്കും പറഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നും വീഡിയോയില്‍ സീമ ജി. നായര്‍ കൂട്ടിച്ചേര്‍ത്തു.

സീമ ജി. നായരുടെ വാക്കുകള്‍ 

കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡായിട്ട് ശരണ്യയെ അഡ്മിറ്റ് ചെയ്തത്. വളരെ ഗുരുതരമായ സാഹചര്യത്തില്‍ പോകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഈ മാസം 10നാണ് കോവിഡ് നെഗറ്റീവായത്. പിന്നീട് റൂമിലേക്ക് മാറ്റിയപ്പോള്‍ പനി കൂടുകയും ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

അതിനിടയില്‍ വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥ കൂടിയായി. അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. ഇപ്പോള്‍ തൊണ്ടയില്‍ കൂടിയാണ് ഓക്‌സിജന്‍ നല്‍കുന്നത്. പിന്നീട് ന്യുമോണിയ പിടികൂടുകയും സ്ഥിതി വീണ്ടും ഗുരുതരമാവുകയും ചെയ്തു.  ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി. ഒന്നിനു പിറകെ ഒന്നായി ഗുരുതരമായ അവസ്ഥയിലൂടെ പോകുകയായിരുന്നു.

ശ്രീചിത്രയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ വലിയ ചികിത്സ ചെലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടത്തെ അവസ്ഥ അങ്ങനെയാണ്. ബില്ലുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. കൊടുക്കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോള്‍ കൊടുക്കുന്നത്. ഇപ്പോള്‍ ബെഡ് സോര്‍ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാല്‍ ഉറപ്പായും ഇന്‍ഫെക്ഷന്‍ വരും. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. അവള്‍ക്കു വേണ്ടി ഡോക്ടര്‍മാരും പരിശ്രമിക്കുന്നു. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്‌സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമെന്നാണ് പറയുന്നത്.

ഇതിനിടയില്‍ ഇന്നലെ കീമോ തുടങ്ങി. ആര്‍.സി.സിയില്‍ കൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇപ്പോള്‍ കാണിക്കുന്ന ആശുപത്രിയില്‍ തന്നെയാണ് കീമോ ചെയ്യുന്നത്. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. ശരിക്കും പറഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കാല്‍ചുവട്ടിലെ മണ്ണുകള്‍ എല്ലാം ഒലിച്ചു പോവുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എങ്കിലും എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ടും കോവിഡിന് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതും അദ്ഭുതമാണ്. ഇപ്പോള്‍ ഐ.സി.യുവിലാണ് ശരണ്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!