ആദ്യ സിനിമയിലെ ഓർമ്മചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി

ആദ്യ സിനിമയിലെ ഓർമ്മചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പഴയകാലം ഓർത്തെടുത്തത്.

നടൻ സത്യനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഭാഗ്യത്തെക്കുറിച്ചും മമ്മൂട്ടി ഓർമ്മിക്കുന്നു . ഇന്നു കാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ വാക്കുകൾ: “ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തത്.

കടന്നുപോയ ഒരു കാലട്ടത്തിലെ ഉജ്വലമായ ഓർമകൾ‍‍ ഈ ചിത്രം തിരികെ എത്തിക്കുന്നു. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു.”

പൃഥ്വിരാജ് അടക്കമുള്ള നിരവധി താരങ്ങളാണ് ചിത്രത്തിനു കമന്റുകളുമായി എത്തിയത് . നിധിപോലൊരു ചിത്രം എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ടൊവീനോ, ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, ടിസ്ക ചോപ്ര, കാളിദാസ് ജയറാം തുടങ്ങി താരങ്ങളുടെ നീണ്ടനിരയാണ് കമന്റ് ബോക്സിൽ കാണാനാകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!