മനസ്സ് നിറച്ച ഹോം

പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ, സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലെടുത്ത് മക്കളേ ഇതില്‍ വാട്‌സ് ആപ്പ് എവിടെയാ? ഫെയ്‌സ്ബുക്കിലെങ്ങനാ കേറുന്നേ? വീഡിയോ കോള്‍ ചെയ്യുന്നത് എങ്ങനാ? എന്നൊക്കെ ചോദിച്ച് വരുന്ന അച്ഛനും അമ്മയും. ഒരു വട്ടം പറഞ്ഞു കൊടുത്തിട്ടും മനസിലാകാതെ നൂറ് ചോദ്യങ്ങളുമായി അവര്‍ വീണ്ടും വരുന്നു. തെല്ലരിശത്തോടെ വീണ്ടും പറഞ്ഞു കൊടുക്കുന്നു. മൂന്നാമതും അവര്‍ പുതിയ നൂറ് സംശയവുമായി വരുന്നു. ഇത്തവണ പക്ഷെ പറഞ്ഞു കൊടുക്കാനുള്ള ക്ഷമയില്ലാതെ എഴുന്നേറ്റ് പോവുകയോ മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യുന്ന മക്കള്‍.
പലര്‍ക്കും റീലേറ്റ് ചെയ്യാന്‍ പറ്റുന്ന, ഏത് വീട്ടിലും അരങ്ങേറുന്ന രംഗമാണിത്. ഈയൊരു രംഗത്തെക്കുറിച്ചാണ് ഹോം സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഹോമിലെ വീട് ഒരു വീടല്ല. ഒരുപാട് പേരുടെ, നമ്മുടെയൊക്കെ വീടാണ്.
ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റ് ആണ് ചിത്രത്തിലെ നായകന്‍. ഒലിവര്‍ ട്വിസ്റ്റിന്റെ കുടുംബം എന്നത് മക്കള്‍ ആന്റണിയും (ശ്രീനാഥ് ഭാസി) ചാള്‍സും (നസ്ലെന്‍) ഭാര്യ കുട്ടിയമ്മയും (മഞ്ജു പിള്ള) അപ്പച്ചനും അടങ്ങുന്നതാണ്. പേരില്‍ മാത്രം അസാധാരണത്വമുള്ള, സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഒലിവര്‍ ട്വിസ്റ്റ്. ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് ‘ഐ വാണ്ട് സം മോര്‍’ എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ റോജിന്‍ തോമസിന്റെ ഒലിവര്‍ ട്വിസ്റ്റ് കൂടതലൊന്നും ചോദിക്കുന്നില്ല. അയാള്‍ക്ക് വേണ്ടത് മിനിമം മാത്രമാണ്. മക്കളുടെ സ്‌നേഹവും ബഹുമാനവും പരിഗണനയും. ആ മിനിമം ആവശ്യം ഒലിവറിനെ സംബന്ധിച്ച് ‘മോര്‍’ ആയി മാറുകയാണ്.

മലവെള്ളപ്പാച്ചിലുപോലെ ത്രില്ലര്‍ സിനിമകള്‍ വന്നടിഞ്ഞപ്പോള്‍ അതില്‍ നിന്നുമൊരു മോചനമാണ് ഹോം എന്ന ഫീല്‍ ഗുഡ് സിനിമ. ഹീല്‍ ഗുഡിന് വേണ്ടി മറ്റുള്ളവരുടെ കഥകള്‍ തേടി പോകുന്നതിന് പകരം ഹോം അവതരിപ്പിക്കുന്നത് നമ്മുടെ കഥയാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും റീലേറ്റ് ചെയ്യാന്‍ പറ്റുന്നൊരു സിനിമ. ഹോം എന്ന പേരില്‍ തന്നെ സിനിമ എന്തെന്നുണ്ട്. അതിനോടൊപ്പം ഒരു ഹാഷ് ടാഗ് കൂടെ ചേര്‍ത്തു വെക്കപ്പെടുമ്പോള്‍ ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എല്ലാം പൂര്‍ണം. ജീവിതം മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിലേക്ക് ചുരുങ്ങിയ, ഹാഷ്ടാഗുകളായി മാറിയ ഈ കാലത്തെ ഒരു വീടിന്റെ കഥയാണ് ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!