നടന് കൃഷ്ണ കുമാര്‍ പങ്കുവെച്ച ഒരു ട്രെയിന്‍ യാത്രയുടെ അനുഭവ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് മകള്‍ അഹാന.
കൃത്യമായി പറഞ്ഞാല്‍ കോവിഡ് പ്രശ്നങ്ങള്‍ തുടങ്ങിയ ശേഷം ഇതാദ്യം. തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുന്ന ചെന്നൈ MGR എക്സ്പ്രസ്സ്. കൃത്യം മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. രാജസ്ഥാന് സ്വദേശിയായ ശ്രി അജബ് സിംഗ് ആണ് ഇന്നത്തെ ലോക്കോ പൈലറ്റ്. ചെറു പ്രായത്തിലും, ഇന്നും സമയമുണ്ടെങ്കില്‍ ട്രെയിന്‍ യാത്ര ഒരു സുഖമാണ്. ആസ്വദിക്കാറുണ്ട്. ജനാലയിലൂടെ പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കുക. പച്ചപ്പ് നിറഞ്ഞ മലനിരകള്‍, കായലുകള്‍, കൃഷിയിടങ്ങള്‍. അതുപോലെ നദികള്‍ക്ക് മുകളിലെ പാലത്തിലൂടെ പോകുമ്പോള്‍ ഒരു പ്രത്യേക ശബ്ദവും അനുഭവവുമാണ്.. താഴേക്കു വെള്ളത്തില്‍ നോക്കി ഇരിക്കും. ഇടയ്ക്കു സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ ഭക്ഷണം വരും. അത്രയ്ക്ക് വൃത്തി ഇല്ലെങ്കിലും, വലിയ വിശപ്പില്ലെങ്കിലും ട്രെയിനില്‍ കയറിയാല്‍ ഭക്ഷണം കഴിക്കാന്‍ ഒരുതോന്നല് വരും. അപ്പുറത്ത് ആരെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ മണം, അത് നമ്മളെ കഴിക്കാന്‍ പ്രേരിപ്പിക്കും.
വീട്ടില്‍ കിട്ടുന്ന ഭക്ഷണവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല… എന്നാലും ഒരു പ്രത്യേകതരം കൊതി നമ്മളെ പിടിച്ചുലക്കും… വരുന്നതൊക്കെ വാങ്ങി കഴിക്കും. യാത്രകളില്‍ ആദ്യ മകള്‍ അമ്മു (ആഹാന) ഒന്നാന്തരം ഒരു തീറ്റി പ്രാന്തി ആയിരുന്നു…വട, കഴിച്ചു കഴിയുമ്പോള്‍ ഓംലെറ്റ് പിന്നെ അടുത്ത ഐറ്റം..എന്ത് കൊടുത്താലും കഴിക്കും. അങ്ങനെ ഒരു ഗുണം ഉണ്ട്..സ്റ്റേഷനില്‍ കിടക്കുമ്പോള്‍ അടുത്തുള്ള ട്രെയിന്‍ നീങ്ങുമ്പോള്‍ പലപ്പോഴും നമ്മുടെ ട്രെയിന്‍ ആണ് നീങ്ങുന്നതെന്നു പലപ്പോഴും തോന്നീട്ടുണ്ട്..എതിരെ വരുന്ന ട്രൈനുകളുടെ കോച്ചുകള്‍ എത്രയെന്നു എണ്ണുക ഒരു പതിവായിരുന്നു. ക്രോസ്സിംഗിംനായി പിടിച്ചിടുമ്പോള്‍ എതിരെ വരുന്ന ട്രെയിനിനായി കാത്തിരിക്കുക. പിന്നെ ചുവപ്പ് ലൈറ്റില്‍ നിന്നും പച്ചക്കായി നോക്കിയിരിക്കുക..എല്ലാം ഒരു രസമാണ്.. കല്‍ക്കരി എന്‍ജിനില്‍ നിന്നും ഡീസലിലേക്കും പിന്നീട് എലെക്ട്രിക്കിലേക്കും ഉള്ള മാറ്റങ്ങള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും ആണ് കണ്ടത്. കൊച്ചുകളിലെ സൗകര്യങ്ങള്‍ നന്നായിതുടങ്ങി. സ്പീഡ് കൂടി. യാത്ര സുഖവും. പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേയെ വളരെ ഇഷ്ടമാണ്. ഒരു പാട് യാത്ര ചെയ്തിട്ടുണ്ട്. ഒരുകാലത്തു ട്രെയിന്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു.