പിടിച്ചു നില്‍ക്കുമോ എന്ന് ചോദിച്ചിടത്താണ് ഈ സിനിമ സൂപ്പര്‍ ഹിറ്റായത്: വിനയന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗം വരുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്ന് കഴിഞ്ഞ ദിവസം നടന്‍ ഗിന്നസ് പക്രു പറഞ്ഞിരുന്നു. അത്ഭുതദ്വീപ് ഹിറ്റായതിനെ കുറിച്ചാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളല്ലാതെ മറ്റുള്ളവ പിടിച്ചു നില്‍ക്കുമോ എന്ന് ചോദിച്ചിടത്താണ് ഈ സിനിമ ഹിറ്റായത് എന്ന് വിനയന്‍ പറയുന്നു.

മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ, ജയറാമിന്റെയോ, ദിലീപിന്റെയോ ഒക്കെ പടമല്ലാതെ മറ്റുള്ള പടങ്ങള്‍ക്ക് നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിടത്താണ് 75-ാം ദിവസത്തെ അത്ഭുത ദീപിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്. സരിത സവിത സംഗീത തിയേറ്ററില്‍ വന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ പക്രുവിന് ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

കണ്ണൊക്കെ നിറഞ്ഞു വന്നു. പക്രുവിന്റെ ജീവിതത്തില്‍ നേടാവുന്ന ഒരു വലിയ സംഭവമായി അത് മാറി. പക്രുവിന്റെ മാത്രമല്ല, ആ ചിത്രത്തിന് ശേഷം താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കുറേ കുഞ്ഞന്‍മാരുടെ കല്യാണത്തിന് പോയി എന്നും വിനയന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. കുള്ളന്‍മാരുടെ രാജ്യമായ അത്ഭുതദ്വീപിലെ രാജകുമാരന്‍ ഗജേന്ദ്രന്‍ ആയാണ് പക്രു ചിത്രത്തില്‍ വേഷമിട്ടത്. ജഗതി, ജഗദീഷ്, കല്‍പ്പന, ബിന്ദു പണിക്കര്‍, ഇന്ദ്രന്‍സ്, സാജന്‍ തുടങ്ങിയവരും നിരവധി ചെറിയ മനുഷ്യരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!