നാല് വര്‍ഷത്തിനു ശേഷം വീണ്ടും വടിവേലു സിനിമയിലേക്ക്

നാല് വര്‍ഷങ്ങളായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ വിലക്ക് കാരണം മാറി നില്‍ക്കുകയായിരുന്നു നടന്‍ വടിവേലു. 2017 ആഗസ്റ്റില്‍ എസ് പിക്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച്, ചിമ്പുദേവന്‍ സംവിധാനം ചെയ്ത ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നതിനെത്തുടര്‍ന്നാണ് വടിവേലുവിനെതിരെ വിലക്ക് വന്നത്.

അണിയപ്രവര്‍ത്തകരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട വടിവേലുവിനുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കപ്പെട്ടത്. നടന്റെ അനാവശ്യ ഇടപെടലും നിസ്സഹകരണവുമാണ് ചിത്രം നിര്‍ത്തേണ്ട നിലയിലേക്ക് എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ശങ്കര്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനെ സമീപിച്ചു.

അതോടെയാണ് സംഘടനുടെ വിലക്ക് വന്നത്. ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ ഉപേക്ഷിച്ചതുമൂലം ശങ്കറിനുണ്ടായ നഷ്ടം നികത്താതെ വടിവേലുവിന് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ നിലപാട്.എസ് പിക്ചേഴ്സ് പ്രതിനിധികളുടെയും വടിവേലുവിന്റെയും സാന്നിധ്യത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് നടനെതിരായ വിലക്ക് നീങ്ങിയത്.

പ്രശ്ന പരിഹാരത്തിന് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഇടപെടലും കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തിരിച്ചുവരവില്‍ ലൈക്കയുമായി അഞ്ച് സിനിമകളുടെ കരാറിലാണ് വടിവേലു ഒപ്പുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!