പിന്മാറ്റത്തിന് കാരണം പ്രൊഫഷണല്‍ കാര്യങ്ങള്‍: ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാര്യം പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ലെന്നും ആഷിഖ് അബു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

വാരിയംകുന്നന്‍ സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. അന്‍വര്‍ റഷീദ് ആയിരുന്നു ആദ്യ ഘട്ടത്തില്‍ പ്രൊജകട് ഏറ്റെടുത്തത്. തമിഴില്‍ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയംകുന്നനെ അവതരിപ്പിക്കാന്‍ വേണ്ടി നിശ്ചയിച്ചത്.

ട്രാന്‍സ് പുറത്തിറങ്ങിയതിന് ശേഷം അന്‍വര്‍ റഷീദ് വാരിയംകുന്നനില്‍ നിന്ന് ഒഴിവായി. പിന്നീടാണ് തന്നിലേക്കും പൃഥ്വിരാജിലേക്കും ചിത്രം എത്തുന്നത്. തന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്നും സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ലെന്നും ആഷിഖ് അബു വിശദീകരിച്ചു.

2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!