ആ സമയത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍, : മോഹന്‍ലാല്‍

കോവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയേറ്റര്‍ ഉടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റി വെയ്ക്കുകയായിരുന്നു.

ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് താത്പര്യമെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചിരുന്നു. സിനിമയുടെ ഭാവി ഒ.ടി.ടിയില്‍ ആണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. വലിയ സ്‌ക്രീനിന് വേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്.

ഒ.ടി.ടി തീര്‍ച്ചയായും സിനിമകളുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്‌ഫോമിന് വേണ്ടി, അവിടുത്തെ പ്രേക്ഷകരെ മനസ്സില്‍ കണ്ടു കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയേറ്ററുകള്‍ തീര്‍ച്ചയായും തിരിച്ചു വരും. മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത്, ചെറിയ സ്‌ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്.

600 തിയേറ്ററുകള്‍ 21 ദിവസത്തെ ഫ്രീ റണ്‍ തരാമെന്നേറ്റ ചിത്രവുമാണ് അത്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങള്‍. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമാ തിയേറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ എന്നാണ് റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!