സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതിനെ കുറിച്ച് ബാദുഷ

നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. തിരക്കഥാകൃത്തായും അഭിനേതാവായും വിസ്മയിപ്പിച്ച രഞ്ജിത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. രഞ്ജിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ.

ബാദുഷയുടെ കുറിപ്പ്:

രഞ്ജിത്തേട്ടന് ഇന്നു ജന്മദിനം. രഞ്ജിത് എന്ന സംവിധായകനിലേക്ക് എത്താന്‍ വേണ്ടി ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ്, അദ്ദേഹത്തിന്റെ സിനിമ കണ്ട് ആവേശം കൊണ്ടിട്ടുള്ള ഞാന്‍. പക്ഷേ അദ്ദേഹത്തിലേക്ക് എത്താന്‍ ഒരു പാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. എന്റെ സ്വഭാവവും അദ്ദേഹത്തിന്റെ സ്വഭാവവും തമ്മില്‍ ചേരുമോ എന്ന ആശങ്കയായിരുന്നു അതിനു കാരണം. അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പലരും എന്നെ അദ്ദേഹത്തിനടുത്തെത്തിക്കാതിരിക്കാനാണ് നോക്കിയത്.

പലേടങ്ങളിലും വച്ച് രഞ്ജിത്തേട്ടനെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാന്‍ സാധിച്ചിരുന്നില്ല. പപ്പേട്ടനുള്‍പ്പെടെ (പത്മകുമാര്‍) പലരോടും പറഞ്ഞിരുന്നു, രഞ്ജിത്തേട്ടനെ പരിചയപ്പെടുത്താന്‍. അന്ന് അതൊന്നും നടന്നില്ല. ഒടുവില്‍ അത് സാധിച്ചു. ഡ്രാമ എന്ന സിനിമയിലായിരുന്നു ഞങ്ങള്‍ ആദ്യമായി സഹകരിച്ചത്. ആ സിനിമയുടെ നിര്‍മാതാവ് സുബൈര്‍ ഇക്കയാണ് അദ്ദേഹത്തോട് എന്നെ അടുപ്പിച്ചത്. തുടക്കത്തില്‍ ആ സിനിമയ്ക്ക് മറ്റൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു.

പിന്നീട് അദ്ദേഹം മാറി. ഇതേ തുടര്‍ന്ന് നടന്ന കൂടിയാലോചനയിലാണ് എന്റെ പേര് സുബൈര്‍ ഇക്ക സജസ്റ്റ് ചെയ്തത്. എന്നാല്‍ തല്‍ക്കാലം നീ വരേണ്ട കൂടെയുള്ള ആരെയെങ്കിലും അയച്ചാല്‍ മതിയെന്ന് സുബൈര്‍ ഇക്ക പറഞ്ഞതിന്‍ പ്രകാരം എന്റെ കൂടെയുള്ള പ്രശാന്തിനെ അയച്ചു. എന്നിരുന്നാലും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോള്‍ പലതവന്ന അവിടേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പല കാരണങ്ങളാല്‍ തടസപ്പെടും.

എന്തായാലും ഡ്രാമയുടെ സെറ്റില്‍ അതു സാധിച്ചു. അതിനു വേദിയായത് ലണ്ടനും. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പേ ഞങ്ങള്‍ അവിടെയെത്തി. അന്നു തന്നെ ഞാന്‍ അദ്ദേഹത്തിന്റെ റൂമിലെത്തി പരിചയപ്പെട്ടു. ചെന്നയുടനെ ബാദുഷ ഇരിക്കൂ എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടര്‍ന്നു. ഇവിടെ പല പ്രശ്‌നങ്ങളുമുണ്ട്, അതേക്കുറിച്ചൊന്നും ഞാന്‍ ഇനി ആരോടും ചോദിക്കില്ല. അതൊക്കെ പരിഹരിക്കേണ്ടതു നിന്റെ ഉത്തരവാദിത്വമാണ്.

എനിക്ക് എന്താവശ്യമുണ്ടായാലും നിന്നോടേ ഞാന്‍ ചോദിക്കൂ എന്ന്. അവിടെ നിന്ന് തുടങ്ങിയ ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. അദ്ദേഹത്തിന്റെ ബാനറായ ഗോള്‍ഡ് കോയിന്‍ നിര്‍മിക്കുന്ന സിനിമകളുടെ നിര്‍മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അയ്യപ്പനും കോശിയും ഇപ്പോള്‍ കൊത്ത് തുടങ്ങി, ഇനിയങ്ങോട്ടുള്ള പല പ്രൊജക്ടുകളും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. കൂടാതെ ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്. പ്രിയ രഞ്ജിത്തേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!