സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ജി കൈലാസ് ചിത്രത്തില്‍ നായകന്‍ ആകാന്‍ ഒരുങ്ങി മോഹന്‍ലാല്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം താനും ഷാജി കൈലാസും ഒന്നിക്കാന്‍ പോവുകയാണെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു. ഒക്ടോബറില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

”ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിച്ചു! ഷാജി കൈലാസിനൊപ്പമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് പ്രഖ്യാപിക്കുന്നത് ആവേശത്തോടെയും സന്തോഷത്തോടെയുമാണ്. ഒക്ടോബറില്‍ ചിത്രം ആരംഭിക്കും. രാജേഷ് ജയ്‌രാം തിരക്കഥ ഒരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുക. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്ന ചിത്രമാണിത്” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ആറാം തമ്പുരാന്‍ (1997), നരസിംഹം (2000), താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), അലിഭായ് (2007), റെഡ് ചില്ലീസ് തുടങ്ങി മോഹന്‍ലാലിന്റെ മാസ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ ആണ് ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം, ബ്രോ ഡാഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്ന ബറോസിന്റെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!