കടല് പറഞ്ഞ കഥ ഒ.ടി.ടിയില്‍ എത്തും

സൈനു ചാവക്കാട് സംവിധാനം ചെയ്യുന്ന ‘കടല് പറഞ്ഞ കഥ’ ചിത്രം മലയാളത്തിലെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും. ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കി സുനില്‍ അരവിന്ദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാവക്കാടും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്റണിയാണ്.

അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍, സുനില്‍ അരവിന്ദ്, പ്രദീപ് ബാബു, അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്മി അയ്യര്‍, സജിത്ത് തോപ്പില്‍, ശ്രീലക്ഷ്മി, ശ്രീക്കുട്ടി അയ്യര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.

ഒരു സമുദായത്തില്‍ നടന്നുവരുന്ന ജീര്‍ണ്ണതകളെയും, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ പോരാട്ടത്തിന്റെയും കഥയാണ് കടല് പറഞ്ഞ കഥയുടെ ഇതിവൃത്തം. സമുദായത്തിന്റെ വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്തുകൊണ്ടും ഒരു സ്ത്രീപക്ഷ സിനിമയെന്ന് തുറന്നു സമ്മതിക്കാനാവുന്നതാണ് ചിത്രത്തിന്റെ കഥാസാരം.

മലയാള സിനിമയില്‍ ഇന്നേവരെ ചര്‍ച്ച ചെയ്യാത്ത സാമൂഹ്യവിഷയം തന്നെയാണ് സിനിമയുടെ രസകരമായ ചേരുവകളോടെ അവതരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ സൈനു ചാവക്കാട് പറയുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കും വിധമാണ് സിനിമയുടെ മേക്കിംഗ് എന്നും സംവിധായകന്‍ വ്യക്തമാക്കി.

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സോഷ്യല്‍ പൊളിറ്റിക്‌സ് തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറയുന്നു. ആരെയെങ്കിലും മുറിവേല്‍പ്പിക്കാനോ വിഷമത്തിലാക്കാനോ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ അതീവ ഗൗരവമായ സാമൂഹ്യ വിഷയമാണ് ‘കടല് പറഞ്ഞ കഥ’ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു.

നമുക്ക് ചുറ്റും നടക്കുന്ന ജീവിത സാഹചര്യങ്ങളെ അപ്പാടെ ഒപ്പിയെടുത്തുകൊണ്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നതെന്ന് തിരക്കഥാകൃത്ത് ആന്‍സണ്‍ ആന്റണിയും പറഞ്ഞു. ആക്ഷനും സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ്. ഈ മാസം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!