അങ്ങനെ ഒരു ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്ന് മോഹന്‍ലാല്‍, പിന്നീട് ശ്രീനിവാസന്‍ ആ കഥാപാത്രം ഏറ്റെടുത്തു

ഒരു കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ സഹോദരസ്‌നേഹ ബന്ധം അടയാളപ്പെടുത്തേണ്ട ഗാനം പൊടുന്നനെ പ്രണയഗാനമാക്കി മാറ്റേണ്ടി വന്നതിനെ കുറിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. മോഹന്‍ലാല്‍- രഞ്ജിനി കോമ്പിനേഷനില്‍ എത്തിയ ഒരു ഹിറ്റ് ഗാനത്തിന്റെ കഥയാണ് ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ പരിപാടിയില്‍ പങ്കുവെയ്ക്കുന്നത്.

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്ന എന്ന ചിത്രത്തെ കുറിച്ചാണ് ഷിബു പറയുന്നത്. ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍’ സഹോദരി-സഹോദര ബന്ധത്തെ കുറിച്ചായിരുന്നു. സിനിമയില്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് കഥാപാത്രമായിരുന്നു മോഹന്‍ലാലിന്‍റേത്. അയാളുടെ അനിയത്തി മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്.

സഹോദരി- സഹോദര ബന്ധം കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. പക്ഷേ തന്റെ സന്തോഷത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. അതിലെ ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ താത്പര്യപ്പെട്ടില്ല.

അത് ശ്രീനിവാസന്‍ ചെയ്യാന്‍ തീരുമാനിച്ചു. ശ്രീനിവാസന്‍ ചെയ്യാനിരുന്ന കഥാപാത്രം മോഹന്‍ലാലും. അതോടെ ആ ഗാനം മാറ്റി. മോഹന്‍ലാലും നായികയും തമ്മിലുള്ള പ്രണയത്തിനു വേണ്ടി ആ വരികള്‍ മാറ്റി എഴുതി. ”നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു” എന്ന ഹിറ്റ് വരികള്‍ താന്‍ വളരെ മൂഡ് ഓഫില്‍ കടപ്പുറത്തിരുന്നു എഴുതിയതാണ്. അത് ആ ഗാനത്തിലെ ഏറ്റവും ഹിറ്റ് വരികളായി മാറി എന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!